താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ അച്ഛന്‍. മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപ് ഡോക്ടറുടെ തലയ്ക്കാണ് വെട്ടിയത്. 'മകളെ കൊന്നവനല്ലേ' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.
ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ (KGMOA) നാളെ പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. ബാക്കി ജോലികളില്‍ നിന്ന് വിട്ട് നില്‍ക്കും. മറ്റ് ജില്ലകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ജോലി മുടക്കില്ലെന്നും കെജിഎംഒഎ അറിയിച്ചു.
ആശുപത്രികള്‍ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണം. എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റുകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്നും ആശുപത്രികളുടെ സുരക്ഷാജോലിക്കായി സായുധരായ വിമുക്തഭടന്മാരെ നിയമിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ പ്രതി സനൂപിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തി.