യുകെയില്‍ മക്കളെ സന്ദര്‍ശിക്കുവാനെത്തിയ പിതാവിനു അകാല വിയോഗം. നോര്‍വിച്ചില്‍ താമസിക്കുന്ന അനിത ജെറീഷ്, അമല സഞ്‌ജു, അനൂപ് സേവ്യര്‍ എന്നിവരുടെ പിതാവായ സേവ്യര്‍ ഫിലിപ്പോസ് മരങ്ങാട്ട് (അപ്പച്ചന്‍കുട്ടി, 73) ആണ് മരിച്ചത്. കോട്ടയം തുരുത്തി സ്വദേശിയായ പരേതന്‍ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മര്‍ത്ത മറിയം ഫൊറോനാ പള്ളിയിലെ ഇടവകാംഗമാണ്. അന്ത്യോപചാര കര്‍മ്മങ്ങളും സംസ്കാരവും പിന്നീട് നോര്‍വിച്ചില്‍ നടത്തുന്നതാണ് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
മകന്‍ അനൂപിന്റെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിലും മാമ്മോദീസയിലും പങ്കുചേരുവാനുള്ള അതിയായ ആഗ്രഹത്തോടെയാണ് സേവ്യര്‍ നോര്‍വിച്ചില്‍ എത്തിയത്. യുകെയില്‍ എത്തി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സേവ്യറിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയെങ്കിലും ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാന്‍ സാധിച്ചില്ല. സേവ്യറിന്റെ ആഗ്രഹപ്രകാരം കൂദാശകള്‍ മുന്‍ നിശ്ചയപ്രകാരമല്ലാതെ മറ്റൊരു ദിവസം ലളിതമായി നടത്താനും അതില്‍ പങ്കെടുക്കാനും അനുഗ്രഹങ്ങള്‍ നേരുവാനും സേവ്യറിന് സാധിച്ചു.
ആരോഗ്യനില വീണ്ടും വഷളായതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സകള്‍ നല്‍കിയെങ്കിലും സേവ്യര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്ന സേവ്യര്‍ ഫിലിപ്പോസ്, മുന്‍ സന്തോഷ് ട്രോഫി താരം എം.പി. പാപ്പച്ചന്റെ പുത്രനാണ്. കോട്ടയം ജില്ലാ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായും സേവ്യര്‍ കളിച്ചിട്ടുണ്ട്. ഭാര്യ കരിങ്ങട കുടുംബാംഗം പരേതയായ ലിസമ്മ സേവ്യര്‍ തുരുത്തി. അന്‍സ് ജിന്റാ (കുവൈത്ത്), നോര്‍വിച്ചില്‍ താമസിക്കുന്ന അനിത, അമല, അനൂപ് എന്നിവര്‍മക്കളും, ജിന്റാ മാലത്തുശ്ശേരി (ഇഞ്ചിത്താനം), നോര്‍വിച്ചില്‍ താമസിക്കുന്ന ജെറീഷ് പീടികപറമ്പില്‍ (കുറിച്ചി), സഞ്‌ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്) എന്നിവര്‍ മരുമക്കളുമാണ്. പരേതനായ തങ്കച്ചന്‍ മരങ്ങാട്ട്, ആന്റണി ഫിലിപ്പ് (തുരുത്തി) എന്നിവര്‍ സഹോദരങ്ങളാണ്.
നോര്‍വിച്ച് സിറോ മലബാര്‍ മിഷനും നോര്‍വിച്ച് മലയാളി അസോസിയേഷനും സന്തപ്തരായ കുടുംബങ്ങളോടൊപ്പം ആശ്വാസമായി ഒപ്പമുണ്ട്.