Don't Miss

സ്വര്‍ണം ചെമ്പാകുന്ന 'മായാവിദ്യ'

ശബരിമല ശ്രീകോവിലിനു മുന്നിലെ സ്വര്‍ണത്തില്‍ പൊതിഞ്ഞ ദ്വാരപാലക ശില്‍പങ്ങള്‍ ചെമ്പാക്കി മാറ്റിയ 'മായാവിദ്യ' കണ്ടു കണ്ണ് തള്ളിയിരിക്കുകയാണ് വിശ്വാസമൂഹം. ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചില കൈയാളുകളെ ബലിയാടാക്കി തലയൂരാണ് ശ്രമിക്കുന്നതെങ്കിലും വിവാദം കത്തുകയാണ്. ശബരിമലയുടെ മറവില്‍നടക്കുന്ന കൊള്ളയുടെ ചെറിയൊരു അഗ്രം ആയാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. പുറത്തുവരാതിരിക്കുന്നത് ഇതിലും എത്രയോ മടങ്ങു അധികമായിരിക്കും!

ദ്വാരപാലക ശില്‍പങ്ങള്‍ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളി സ്വര്‍ണം പൂശാനെന്ന പേരില്‍ ഇളക്കിമാറ്റിയതിലും തൂക്കം കുറഞ്ഞതിലും അടിമുടി ദുരൂഹതയാണ്. സ്വര്‍ണംപൊതിഞ്ഞ പാളിയില്‍ ചെമ്പ് തെളിഞ്ഞെന്ന തന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 2019 ല്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിട്ട് സ്വര്‍ണം പൂശിയതെന്നാണ് നിലവില്‍ സസ്‌പെന്‍ഷനിലായ വിവാദകാലത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷനില്‍ എത്തിച്ചായിരുന്നു സ്വര്‍ണം പൂശിയത്. എന്നാല്‍ അവിടെയെത്തിയത് ചെമ്പ് ആയിരുന്നു എന്നാണ് സ്മാര്‍ട് ക്രിയേഷന്‍ വ്യക്തമായിട്ടത്‌.

എന്നാല്‍ 1998ല്‍ വ്യവസായി വിജയ് മല്യയുടെ കമ്പനി തനി തങ്കത്തില്‍ സന്നിധാനത്തു വച്ച് തന്നെ പൊതിഞ്ഞു നല്‍കിയ ദ്വാരപാലക ശില്‍പവും 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെത്തിച്ച് സ്വര്‍ണംപൂശി തിരികെയെത്തിയ ദ്വാരപാലകശില്‍പ്പവും തമ്മില്‍ കാഴ്ചയില്‍ വലിയ വ്യത്യാസമുണ്ട്. വിജയ് മല്യ പൊതിഞ്ഞുനല്‍കിയ സ്വര്‍ണപാളികള്‍ അഴിച്ചെടുത്ത് അതേ ആകൃതിയില്‍ ചെമ്പുപാളി നിര്‍മ്മിച്ച് സ്വര്‍ണം പൂശിയതാണോയെന്ന സംശയമാണ് ഉയരുന്നത്.

1998 വിജയ് മല്യ സ്വര്‍ണം പൂശി നല്‍കിയ ശില്‍പത്തില്‍ ഒന്നരപതിറ്റാണ്ടിനിപ്പുറവും തിളക്കം മങ്ങിയിട്ടില്ല. സ്വര്‍ണപ്രഭ മായാതെ അതില്‍ കാണാം. ഒപ്പം ഇതിലെ ചിത്രപ്പണികളൊന്നും തെളിഞ്ഞുകാണുന്നില്ല. സ്വര്‍ണപാളികള്‍ ഒന്നിനുമേലെ ഒന്നായി പതിച്ചതാണ് സ്വര്‍ണം പൊതിയുന്നത്. അതുകൊണ്ടുതന്നെയാണ് ചിത്രപ്പണികള്‍ തെളിഞ്ഞു കാണാതാത്തത്.

അതേസമയം 2019 ല്‍ സ്വര്‍ണംപൂശി തിരികെയെത്തിച്ച ദ്വാരപാലക ശില്‍പങ്ങളില്‍ കൊത്തുപണികള്‍ തെളിഞ്ഞുകാണാം. ചെമ്പുപാളികള്‍ക്ക് മുകളില്‍ നേരിയ തോതില്‍ സ്വര്‍ണം പൂശിയതുകൊണ്ടാണിങ്ങനെ. സ്വര്‍ണം പൂശിക്കഴിഞ്ഞാല്‍ തിളക്കം ലഭിക്കാന്‍ രാസപ്രക്രിയ നടത്തുകയും ഇതിന് മുകളില്‍ ക്ലിയര്‍കോട്ട് അടിക്കുകയുമാണ് ചെയ്യുക. അതുകൊണ്ടുതന്നെ ചെറിയ കാലയളവിനുള്ളില്‍ തന്നെ ശില്‍പത്തിലെ സ്വര്‍ണം മാഞ്ഞുതുടങ്ങി.

കാലാകാലങ്ങളായി മാറി വന്ന ദേവസ്വം ബോര്‍ഡ് പ്രധിസന്റുമാരായ സിപിഎം നോമിനികള്‍ ഇപ്പോള്‍ ഇടനിലക്കാരെയും ദേവസ്വം ഉദ്യോഗസ്ഥരെയും മാത്രം പഴിപറയുവാനാണ് ശ്രമിക്കുന്നത്. ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചു നടത്തിയ അണിയറക്കളികള്‍ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിന്റെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചു വരുകയാണ്. ആഗോള അയ്യപ്പ സംഗമം നടത്തി ശബരിമലയുടെ രക്ഷകര്‍ ചമഞ്ഞവര്‍ ദിവസങ്ങള്‍ക്കകം വിവാദങ്ങളില്‍പ്പെട്ടു തലയില്‍ മുണ്ടിടേണ്ടിവന്നത് സഹികെട്ട സാക്ഷാല്‍ അയ്യപ്പന്റെ തന്നെ ഇടപെടലാവാം!

  • ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
  • ബ്രിട്ടനില്‍ ബലാത്സംഗ ഇരകള്‍ കേസുകളില്‍ നിന്ന് പിന്‍വാങ്ങുന്നു
  • ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നവര്‍ കടുത്ത പുകവലിക്കാരാകാനുള്ള സാധ്യത മൂന്നിരട്ടി!
  • യുകെ സര്‍ക്കാരിന്റെ 2കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി കണ്ണൂരുകാരി മഞ്ജിമ
  • സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു പ്രധാനമന്ത്രി
  • കോതമംഗലത്ത് 23കാരി ജീവനൊടുക്കി; പിന്നില്‍ 'ലവ് ജിഹാദെന്ന്' ആരോപണം
  • രാഹുല്‍ ഗാന്ധിയുടെ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'
  • നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം അട്ടിമറിക്കപ്പെട്ടു!
  • കീടനാശിനിക്കൊല വീണ്ടും; ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം
  • കാനഡയില്‍ ചെറുവിമാനം തകര്‍ന്നുവീണ് വീണ്ടുമൊരു മലയാളി യുവാവിന് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions