മുംബൈ: ഇന്ത്യയും യുകെയും തമ്മിലുള്ള ആയുധ-പ്രതിരോധ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 468 മില്യണ്‍ ഡോളറിന്റെ പുതിയ കരാര്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍ പ്രഖ്യാപിച്ചത്.
തേല്‍സ് കമ്പനിയുടെ ലൈറ്റ് വേറ്റ് മള്‍ട്ടിറോള്‍ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യത്തിന് വിതരണം ചെയ്യുന്നതിനായാണ് കരാര്‍. നിലവില്‍ യുക്രൈനിനും ഇതേ തരം മിസൈലുകള്‍ നല്‍കുന്നുണ്ട്. ഇന്ത്യ-യുകെ ആയുധ പങ്കാളിത്തത്തിന് പുതിയ ദിശ നല്‍കുന്ന കരാര്‍ നിലവില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതിരോധ മേഖലയിലൂടെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ബ്രിട്ടന്‍ കഴിഞ്ഞ ഒരു വര്‍ഷമായി നയപരമായ പിന്തുണ നല്‍കിവരുന്നതായി വിലയിരുത്തപ്പെടുന്നു. പുതിയ കരാര്‍, ഉഭയകക്ഷി സുരക്ഷാ സഹകരണത്തിനും സാങ്കേതിക പങ്കാളിത്തത്തിനും വാതിലു തുറക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ധാരണയായിയിരുന്നു. അടുത്തിടെ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പരമാവധി പ്രയോജനം ഉറപ്പാക്കാന്‍ പരസ്പര സഹകരണം, തീരുവ ഇതര തടസ്സങ്ങള്‍ നീക്കം, വിതരണ ശൃംഖലകളുടെ ഏകോപനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
മുംബൈയില്‍ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, യുകെ ബിസിനസ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി പീറ്റര്‍ കൈലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കരാര്‍ വേഗത്തിലും ഏകോപനത്തോടെയും നടപ്പിലാക്കാനുള്ള പ്രതിബദ്ധത ഇരുവരും ഊന്നിപ്പറഞ്ഞു. ബിസിനസ്സുകള്‍ക്കും ഉപഭോക്താക്കള്‍ക്കും കരാറിന്റെ മുഴുവന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടതാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
കരാറിന്റെ നടത്തിപ്പും ഫലപ്രാപ്തിയും നിരീക്ഷിക്കാന്‍ സംയുക്ത സാമ്പത്തിക വ്യാപാര സമിതിക്ക് രൂപം നല്‍കാനും തീരുമാനമായി.
അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഭക്ഷ്യ-പാനീയങ്ങള്‍, ശാസ്ത്രം, സാങ്കേതികവിദ്യ, ഇന്നൊവേഷന്‍, നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, ശുദ്ധ ഊര്‍ജ്ജം, സാമ്പത്തിക-പ്രൊഫഷണല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യന്‍-യുകെ വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഈ ചര്‍ച്ചകള്‍ കരാര്‍ നടപ്പിലാക്കുന്നതിന് സഹായമായതായി മന്ത്രാലയം അറിയിച്ചു.
വ്യാപാരം, നിക്ഷേപം, നവീകരണം എന്നിവയ്ക്കുള്ള പുതിയ അവസരങ്ങള്‍ വ്യാപാര ഫോറം ചര്‍ച്ച ചെയ്തു. പ്രമുഖ വ്യവസായ പ്രതിനിധികള്‍ അധ്യക്ഷരായ ഫോറം, ഉഭയകക്ഷി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിനും പ്രധാന വേദിയായി.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം കീര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വ്യാപാരസംഘം ഇന്ത്യയിലെത്തിയത്.