യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിന്റെയും കെയര്‍ മേഖലയുടെയും നിലനില്‍പ്പിന് പിആര്‍ ഇളവുകള്‍ വേണമെന്ന് ആര്‍സിഎന്‍

എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും നിലനില്‍പ്പിന് പിആര്‍ ഇളവുകള്‍ വേണമെന്ന് ആര്‍സിഎന്‍. വിദേശ തൊഴിലാളികള്‍ക്കെതിരെ കടുത്ത സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും പ്രവര്‍ത്തനം സമീപഭാവിയില്‍ നിലയ്ക്കുമെന്ന മുന്നറിയിപ്പാണ് നഴ്സിംഗ് മേധാവികള്‍ നല്‍കുന്നത് . വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കം തികഞ്ഞ അജ്ഞതയില്‍ നിന്നും ഉണ്ടായതാണെന്നും, റിഫോം യുകെയെ പ്രീതിപ്പെടുത്താനുള്ളതാണെന്നുമാണ് ആര്‍സിഎന്‍ കുറ്റപ്പെടുത്തുന്നത്.

വിദേശ നഴ്സിംഗ് സ്റ്റാഫ് ജോലിക്ക് എത്തിയില്ലെങ്കില്‍ ബ്രിട്ടനിലെ ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍ നിലച്ചു പോകുന്ന സ്ഥിതി വരെ സംജാതമായേക്കാം എന്നാണ് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ നിക്കോള റേഞ്ചര്‍ പറയുന്നത്. നഴ്സുമാര്‍ക്ക് സ്ഥിരതാമാസത്തിനും പൗരത്വം നേടാനും മറ്റ് രാജ്യങ്ങള്‍ എളുപ്പ വഴികള്‍ ഒരുക്കുമ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വിപരീത ദിശയിലാണ് നീങ്ങുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

വിദേശ നഴ്സുമാര്‍ക്ക് ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിക്കുന്നതിനും, ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നതിനുമുള്ള സമയപരിധി ഇരട്ടിയാക്കുകയാണ് ലേബര്‍ സര്‍ക്കാര്‍. ടാക്സ്ഫ്രീ ചൈല്‍ഡ് കെയര്‍, ഡിസെബിലിറ്റി ലിവിംഗ് അലവന്‍സ്, ഹൗസിംഗ് സപ്പോര്‍ട്ട് എന്നിവ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള കാലപരിധി അഞ്ച് വര്‍ഷം എന്നത് പത്ത് വര്‍ഷമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പാര്‍ട്ടി സമ്മേളന വേദിയില്‍ ഹോം സെക്രട്ടറി ഷബാന മെഹ്‌മൂദ് പ്രഖ്യാപിച്ചത് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിന് വിദേശ നേഴ്സുമാര്‍ പ്രാദേശിക കമ്മ്യൂണിറ്റിയില്‍ സന്നദ്ധസേവനത്തിന് തയ്യാറാവുകയും നിലവിലുള്ള നിരവധി ടെസ്റ്റുകള്‍ പാസാകുകയും വേണം എന്നായിരുന്നു.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഇമിഗ്രേഷന്‍ വൈറ്റ് പേപ്പറില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. റിഫോം യുകെയില്‍ നിന്നുള്ള ഭീഷണി നേരിടുന്നതിനുള്ള വഴിയാണ് ഇതെന്ന് അന്നെ ആക്ഷേപവും ഉയര്‍ന്നിരുന്നു. ഈ നയം ലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ നിഷേധിക്കുവാനെ ഉപകരിക്കുകയുള്ളു എന്നാണ് അഞ്ച് ലക്ഷത്തില്‍ അധികം നഴ്സുമാര്‍ അംഗങ്ങളായുള്ള ആര്‍സിഎന്‍ ആരോപിക്കുന്നത്. ബ്രിട്ടനിലെ രോഗികളെ ശുശ്രൂഷിക്കുവാനും, ബ്രിട്ടീഷ് സമൂഹത്തിന്റെ ഭാഗമായി ജീവിക്കാനും ഇവിടെയെത്തുന്നവരോടുള്ള സമീപനം ഇതായിരിക്കരുതെന്നും ആര്‍സിഎന്‍ പറയുന്നു.

സര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ലണ്ടന്‍ മേയര്‍ സര്‍ സാദിഖ് ഖാനും രംഗത്തെത്തി. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ മുന്നൂറോളം ട്രാഫിക് ഫോര്‍ ലണ്ടന്‍ (ടിഎഫ്എല്‍) ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും എന്ന് ട്രാന്‍സ്‌പോര്‍ട്ട് യൂണിയനായ ടിഎസ്എസ്എ ചൂണ്ടിക്കാണിച്ചതിന് പുറകെയാണ് മേയറുടെ പ്രസ്താവന.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions