ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് ഇഡി സമന്‍സ് അയച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ലൈഫ് മിഷന്‍ 2023 ല്‍ ഇഡി സമന്‍സ് അയച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എന്തിലാണ് സമന്‍സ് നല്‍കിയതെന്നതില്‍ വ്യക്തതയില്ല. സമന്‍സിന് വിവേക് ഹാജരായില്ലെന്നാണ് വിവരം. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്.
അതേസമയം, വിഷയത്തില്‍ ഇഡിയുടെ തുടര്‍ നടപടി ഉണ്ടായില്ലെന്നാണ് വിവരം. 2023ല്‍ ഫെബ്രുവരി 14ന് രാവിലെ പത്തരയ്ക്ക് ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ എത്തണമെന്നായിരുന്നു സമന്‍സിലുള്ളത്. എന്നാല്‍ വിവേക് അന്ന് ഹാജരായിരുന്നില്ല. ലൈഫ് മിഷന്‍ കേസ് വിവാദം കത്തി നില്‍ക്കുന്ന സമയത്താണ് വിവേകിന് ഇഡി സമന്‍സ് അയച്ചത്.
കേസില്‍ സ്വപ്ന സുരേഷിനും സരിത്തിനും ഇഡി നോട്ടീസ് കൊടുത്തിരുന്നു. നാലരക്കോടി രൂപ കമ്മീഷന്‍ വാങ്ങിയെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിവേകിനെതിരെ ഇഡി തുടര്‍നടപടി എടുത്തിരുന്നില്ല. ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നുള്ള ആക്ഷേപം അന്നുതന്നെ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു.
വിവേക് കിരണിന് ഇഡി സമന്‍സ് അയച്ചത് പൂഴ്ത്തിവെച്ചതില്‍ ദുരൂഹതയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. കേസില്‍ മുഖ്യമന്ത്രിയുടെ മകനെതിരായ തുടര്‍നടപടി എന്തായിരുന്നുവെന്നതടക്കം ഇഡി മറുപടി പറയണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഇഡിയും സിപിഎമ്മും സമന്‍സ് വിവരം പൂഴ്ത്തിവെച്ചത് നിരവധി സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. 2023-ലാണ് ഇഡി സമന്‍സ് നല്‍കിയത്, എന്നാല്‍ ഇത് പുറത്തുവന്നത് ഇപ്പോഴാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് നോട്ടീസ് നല്‍കിയാല്‍ അത് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഇഡി മുഖ്യമന്ത്രിയുടെ മകന്റെ കാര്യത്തില്‍ അത്തരം പ്രചരണത്തിന് മുതിര്‍ന്നില്ലെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.