അടുത്ത മാസം അവതരിപ്പിക്കുന്ന ഓട്ടം ബജറ്റില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള കടുത്ത പ്രഖ്യാപനങ്ങള്‍ക്കു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിച്ച് തുടങ്ങി. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിച്ചത്.
നവംബറിലെ ബജറ്റില്‍ നികുതി വര്‍ധനവുകള്‍ക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ലെന്‍ഡര്‍മാര്‍ ജാഗ്രത പുലര്‍ത്തുന്നത്. എട്ട് മാസക്കാലത്തിനിടെ ആദ്യമായി ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ന്ന് തുടങ്ങിയത് ഇതിന്റെ സൂചനയാണ്. ഇത് മനസ്സിലാക്കിയാണ് സാമ്പത്തിക വിപണികളുടെയും നീക്കം.
രണ്ട്, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജുകളില്‍ കഴിഞ്ഞ മാസത്തില്‍ നിന്നും 0.02 ശതമാനം പോയിന്റ് വര്‍ദ്ധനവാണ് ശരാശരി ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി മുതല്‍ താഴേക്ക് പോയ ശേഷമാണ് ഇത്. രണ്ട് വര്‍ഷത്തെ ശരാശരി ഫിക്‌സഡ് റേറ്റ് 4.98 ശതമാനത്തിലും, അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് 5.02 ശതമാനത്തിലും എത്തിയതായി മണിഫാക്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
25 വര്‍ഷക്കാലം കൊണ്ട് തിരിച്ചടവ് നടത്തുന്ന 200,000 പൗണ്ട് മോര്‍ട്ട്‌ഗേജിന് പ്രതിമാസം 1172 പൗണ്ട് ചെലവാണ് വരുന്നത്. ബജറ്റിന് മുന്‍പ് ജാഗ്രത സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ വ്യക്തമാക്കുന്നു. വരുന്ന ബജറ്റില്‍ ഹൗസിംഗ് വിപണിയെ സംബന്ധിച്ച് നിരവധി നികുതി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചനയും പ്രധാനമാണ്. ചാന്‍സലര്‍ ബജറ്റ് സുപ്രധാനമായി മാറുകയും ചെയ്യും.
കഴിഞ്ഞ ബജറ്റ് കാര്യമായ വളര്‍ച്ച ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല തളര്‍ച്ച സമ്മാനിക്കുകയും ചെയ്തിരുന്നു. ഇതോടെ രൂപപ്പെട്ടത് 30 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മിയാണ്.
ഇത് പരിഹരിക്കാന്‍ നികുതി വര്‍ധനവോ ചെലവ് ചുരുക്കലോ മാത്രമാണ് റേച്ചല്‍ റീവ്‌സിന് മുന്നിലെ മാര്‍ഗ്ഗം. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കു സാധ്യതയില്ല.
ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ഭാവിയിലെ വളര്‍ച്ചാനിരക്ക് ഇനിയും താഴ്ത്തും. ഇതിന് അനുസൃതമായി കടമെടുപ്പ് നിയമങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ റീവ്‌സ് നിര്‍ബന്ധിതമാകും. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന നികുതികള്‍ ഉയര്‍ത്തില്ലെന്ന വാഗ്ദാനം പാലിച്ചാല്‍ മറ്റ് വഴികളിലാണ് വര്‍ധന തേടിയെത്തുക.