യുകെയിലുടനീളം വോഡാഫോണ്‍ സേവനം തടസപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം സേവനം ലഭ്യമായില്ല. ഇന്റര്‍നെറ്റ്, മൊബൈല്‍ കോളുകള്‍, വോഡാഫോണ്‍ ആപ്പ്, വെബ്‌സൈറ്റ് തുടങ്ങിയ സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമായി. ഉച്ചയ്ക്ക് മൂന്നുമണിയോടെ ഡൗണ്‍ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ ഉപഭോക്താക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. 20 മിനിറ്റില്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 1.35 ലക്ഷത്തിന് മുകളിലെത്തി. വീടുകളിലെ ബ്രോഡ്ബാന്‍ഡ് സേവനം തകരാറിലായവരായിരുന്നു അധികവും.
ഇന്റര്‍നെറ്റ് സേവനവും കോളിങ് സേവനവും തടസ്സം നേരിട്ടു. എട്ടു ശതമാനത്തോളം പേര്‍ക്ക് മൊബൈല്‍ സിഗ്നല്‍ നഷ്ടമായി. ലണ്ടന്‍, ബര്‍മ്മിങ്ഹാം, കാര്‍ഡിഫ്, ഗ്ലോസ്‌ഗോ, മാഞ്ചസ്റ്റര്‍ എന്നീ പ്രധാന നഗരങ്ങളില്‍ തകറാറുകള്‍ നേരിട്ടു. സേവനം ഇപ്പോള്‍ പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിക്കുന്നതായി വോഡാഫോണ്‍ വക്താവ് വ്യക്തമാക്കി.
സൈബര്‍ ആക്രമണമല്ല തടസ്സത്തിന് പിന്നലെന്നാണ് പ്രാഥമിക വിവരം. വൈകീട്ട് ആറു മണിയായപ്പോഴും വെബ്‌സൈറ്റില്‍ സേവന തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത് നാലായിരത്തോളം പേരാണ്. വോഡാഫോണു യുകെയില്‍ 1.8 കോടി ഉപഭോക്താക്കളുണ്ട്. അടുത്തിടെ ത്രി നെറ്റ്വര്‍ക്കുമായി വോഡാഫോണ്‍ ലയിച്ചതോടെ യുകെയിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവായി മാറിയിരുന്നു.
ഓഫ് കോം നിയമപ്രകാരം ബ്രോഡ്ബാന്‍ഡ് സേവനം രണ്ടു ദിവസത്തേലെറെ നിലച്ചാല്‍ പ്രതിദിനം 9.76 പൗണ്ട് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം. മൊബൈല്‍ സേവന തടസ്സങ്ങള്‍ക്ക് സാഹചര്യം അനുസരിച്ചുള്ള നഷ്ടപരിഹാരമാണ് നല്‍കേണ്ടിവരിക. നൂറുകണക്കിന് മലയാളി ഓണ്‍ലൈന്‍ ഉപഭോക്താക്കളും വൊഡാഫോണ്‍ തടസത്തില്‍ വലഞ്ഞു.