തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്‌റ്റലില്‍ അതിക്രമിച്ചുകയറി ടെക്നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. സ്ഥലത്ത് പ്രതി എത്തിയത് മോഷണത്തിനായിരുന്നു. രണ്ട് വീടുകളില്‍ പ്രതി കയറി. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് മധുര സ്വദേശിയായ ലോറി ഡ്രൈവറെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി ബെഞ്ചമിനെ ഉടന്‍ പിടികൂടാനായത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ ഹോസ്‌റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി പീഡനത്തിനിരയായത്. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം, ഹോസ്‌റ്റലുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എല്ലാ ഹോസ്‌റ്റലുകളിലും കൃത്യമായ റജിസ്‌റ്റര്‍ വേണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സിസിടിവിയില്‍ വരാതിരിക്കാന്‍ ഒരു വീട്ടില്‍ നിന്ന് കുട എടുത്ത് മുഖം മറച്ച് ഹോസ്റ്റലില്‍ കയറി. ഒരിടത്തു നിന്നു തൊപ്പിയും മറ്റൊരു വീട്ടില്‍ നിന്ന് ഹെഡ് ഫോണും എടുത്തു. പൊലീസ് പിന്തുടര്‍ന്നെത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ക്കയറി. ഡാന്‍സാഫ് സംഘം സംഘം സാഹസികമായാണ് ബെഞ്ചമിനെ കീഴ്പ്പെടുത്തിയത്. തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സ്ഥിരം രീതിയാണെന്നും പൊലീസ് പറഞ്ഞു.