നവി മുംബൈയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍, ഭാര്യ പൂജ രാജന്‍, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
10 പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. അര്‍ധരാത്രി 12.40ഓടെയാണ് തീപിടിത്തമുണ്ടായത്. വാഷി പ്രദേശത്തെ സെക്ടര്‍ 14 ലെ എംജിഎം കോംപ്ലക്‌സിലെ രഹേജ റെസിഡന്‍സിയുടെ പത്താം നിലയിലെ ഫ്ളാറ്റില്‍ തീപിടിത്തമുണ്ടാവുകയും പിന്നീട് 11, 12 നിലകളിലേക്ക് പടര്‍ന്നതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പരിക്കേറ്റവരെ വാഷിയിലെ രണ്ട് ആശുപത്രികളിലേക്ക് മാറ്റി. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി പുലര്‍ച്ചെ നാല് മണിയോടെ തീ അണച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.