ഇടതുമുന്നണിയും സിപിഎമ്മും ഒന്നടക്കം ശക്തിയുക്തം എതിര്‍ത്ത 'പിഎം ശ്രീ' വിദ്യാഭ്യാസ പദ്ധതിയില്‍ ഇരുട്ടിന്റെ മറവില്‍ കേരളം ഒപ്പിട്ടു. സിപിഐയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചു അവരെ അറിയിക്കാതെയാണ് സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയില്‍ ഒപ്പ് വച്ചത്. സിപിഎയുടെ എതിര്‍പ്പ് തള്ളി സിപിഎം 'പിഎം ശ്രീ' നടപ്പാക്കാനും അതുവഴി ലഭിക്കുന്ന 1500 കോടി വസൂലാക്കാനും തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇനി കേരളം ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് അംഗീകരിക്കേണ്ടിവരും. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകള്‍ പിഎം ശ്രീയാകും.
മൂന്ന് തവണയാണ് മന്ത്രിസഭയില്‍ സിപിഐ പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തത്. എതിര്‍പ്പ് അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടിരുന്നു. ഒരു കാരണവശാലും ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള പദ്ധതി അംഗീകരിക്കുന്നത് ഇടതുപക്ഷത്തിന്റെ അടിസ്ഥാന നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള പിന്‍വാതില്‍ നീക്കമാണെന്നും സിപിഐ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ നേരം ഇരുട്ടി വെളുത്തപ്പോള്‍ കേരളം പദ്ധതിയിലായി. 'കേരളം ഒപ്പുവച്ചെന്നു' എന്നായിരുന്നു സിപിഐ മുഖപത്രം തന്നെ തലക്കെട്ട് കൊടുത്തത്.
പിഎം ശ്രീ പദ്ധതിക്കായി സംസ്ഥാനവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ധാരണാപത്രത്തിന്റെ ആദ്യ ഉപാധിയായി പറയുന്നതു തന്നെ ദേശീയ വിദ്യാഭ്യാസ നയത്തിലെ മുഴുവന്‍ നിബന്ധനകളും നടപ്പാക്കണമെന്നാണ്. വ്യവസ്ഥകള്‍ ഭാഗികമായി നടപ്പാക്കാതിരിക്കാനാകില്ലെന്നു ചുരുക്കം.
സംസ്ഥാനം മുഴുവന്‍ തിടുക്കത്തില്‍ നടപ്പാക്കേണ്ടി വരില്ലെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്‌കൂളുകളില്‍ നടപ്പാക്കിയേ മതിയാകൂ എന്നാണ് കേന്ദ്ര നിബന്ധന.
പി എം ശ്രീയില്‍ ഒപ്പുവെച്ചതോടെ മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിയെന്ന് സിപിഐ മന്ത്രി ജി ആര്‍ അനില്‍ തന്നെ വ്യക്തമാക്കി. ഇത് എങ്ങനെയാണ് ഒപ്പുവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച ഒരു കാര്യവും ഞങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും സിപിഐ എടുക്കുന്ന തീരുമാനം ഒരുതുള്ളി വെള്ളം ചേര്‍ക്കാതെ മന്ത്രിമാര്‍ നടപ്പാക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് ബിനോയ് വിശ്വം ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തില്‍ ആരോപിക്കുന്നു. മുന്നണി മര്യാദകളെല്ലാം ലംഘിക്കുന്നതാണ് വിവാദ പദ്ധതിയിലെ കേന്ദ്രവുമായുള്ള കൈകോര്‍ക്കല്‍ നടപടിയെന്നും ബിനോയ് വിശ്വം കത്തിലൂടെ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെയും കത്തില്‍ പരാമര്‍ശം ഉണ്ട്. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തുമെന്നാണ് ആരോപിക്കുന്നത്. ധാരണാപത്രത്തില്‍ ഒപ്പിട്ടതിലൂടെ കേന്ദ്രസര്‍ക്കാരിനെതിരായ എല്‍ഡിഎഫിന്റെ പോരാട്ടം ദുര്‍ബലപ്പെട്ടുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
'കേരളത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം മറ്റൊരുദിശയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതായാണ് അറിയാന്‍ സാധിച്ചത്. ഇക്കാര്യം യാഥാര്‍ത്ഥ്യമെങ്കില്‍ സിപിഐയും സിപിഐമ്മും തുല്ല്യമായി ഏര്‍പ്പെട്ടിരിക്കുന്ന മുന്നണി തത്വങ്ങളുടെയും മര്യാദയുടെയും വ്യക്തമായ ലംഘനമാണ് സംഭവിച്ചിരിക്കുന്നത്. മതതേര വിദ്യാഭ്യാസത്തെയും ഫെഡല്‍ ഘടനയെയും സംബന്ധിച്ച ഗൗരവകരമായ കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പദ്ധതി. ഗൂഢാലോചനയെന്ന നിലയ്ക്കാണ് ഇത് നടന്നിരിക്കുന്നത്. കേരളത്തിലെ എല്‍ഡിഎഫിനുള്ളിലും മുന്നണി നയിക്കുന്ന സര്‍ക്കാരിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു', ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ എല്ലാം പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണെന്നും അര്‍ഹതപ്പെട്ട പണം കേരളത്തിന് ലഭിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. പി എം ശ്രീ പദ്ധതിയുടെ പണം കേരളത്തിനും ലഭിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിവിധ പദ്ധതികളില്‍ 8000 കോടി രൂപ കേരളത്തിന് ലഭിക്കാനുണ്ടന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
സര്‍ക്കാരിന് പരിമിതികളുണ്ടെന്നും ഇടതുപക്ഷ നയം മുഴുവന്‍ സര്‍ക്കാരിന് നടപ്പാക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിബന്ധനവെച്ച് കേന്ദ്രത്തിന് നടപ്പാക്കാനാകില്ലെന്നാണ് നിലപാട്. സിപിഐയുടെ വിമര്‍ശനം മുഖവിലക്കെടുക്കും. വിഷയവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സിപിഎമ്മിന് സിപിഐയെക്കാള്‍ വലുത് ബിജെപിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പിഎം ശ്രീയില്‍ എല്‍ഡിഎഫിലെ സുപ്രധാന ഘടകകക്ഷിയായ സിപിഐയുടെ അഭിപ്രായങ്ങളെ സിപിഐഎം കാറ്റില്‍ പറത്തി. ഒരു ഘടകകക്ഷിയിലെ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി അംഗങ്ങളും മന്ത്രിമാരും എതിര്‍ത്തിട്ടും എന്ത് സിപിഐ, ഏത് സിപിഐ എന്നാണ് എം വി ഗോവിന്ദന്‍ ചോദിക്കുന്നത്. സിപിഐയുടെ മന്ത്രിസഭാ അംഗങ്ങള്‍ പോലും അറിയാതെയാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും സതീശന്‍ ആരോപിച്ചു.
അപമാനവും നാണക്കേടും സഹിച്ച് അവിടെ തുടരണമോ എന്നത് സിപിഐയാണ് ആലോചിക്കേണ്ടത്. രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് സിപിഐയാണ്. മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ല എന്നാല്‍, അവര്‍ തീരുമാനം പറഞ്ഞാല്‍ അതിനനുസരിച്ച് തങ്ങളും അഭിപ്രായം പറയാം സതീശന്‍ പറഞ്ഞു.
പിഎം ശ്രീയില്‍ ഒപ്പ് വെച്ചതിന് പിന്നാലെ കേരളത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും എബിവിപിയുടെയുമൊക്കെ അഭിന്ദനം വന്നു. തെരഞ്ഞെടുപ്പ് അടുത്ത് എത്തിനില്‍ക്കവേ ഇടതു മുന്നണി വലിയ പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്.