പി.എം. ശ്രീ പദ്ധതിയില്‍ സിപിഐ ഇടഞ്ഞിട്ടും, മന്ത്രിസഭാ യോഗത്തിനെത്തില്ലെന്നു പറഞ്ഞിട്ടും കാര്യമായി ഗൗനിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും. സിപിഐയുടെ എതിര്‍പ്പ് മുന്നില്‍ക്കണ്ട് തന്നെയാണ് സിപിഎം നീക്കം. സിപിഐ പുറത്തുപോയാല്‍ പോലും അത് തങ്ങളെ ബാധിക്കില്ല എന്ന തരത്തിലാണ് സിപിഎം കണ്ണൂര്‍ നേതാക്കളുടെ ചിന്ത. ലീഗില്‍ ഒരു വിഭാഗം സിപിഎമ്മുമായി അടുക്കുന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ലീഗുമായി അടുക്കാന്‍ സിപിഐ ആയിരുന്നു സിപിഎമ്മിന്റെ തടസം. അത് നീങ്ങിയാല്‍ മൂന്നാമതും അധികാരം നിലനിര്‍ത്താന്‍ പല അടവ് നയത്തിനും സിപിഎം ഒരുക്കമാണ്.
ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കില്ല. പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന നിലപാടില്‍ വിട്ടുവീഴ്‌ച വേണ്ടെന്ന് സിപിഐ സംസ്‌ഥാന നിര്‍വാഹകസമിതിയും അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും തീരുമാനം മാറ്റാന്‍ സിപിഎമ്മോ സര്‍ക്കാരോ തയാറല്ല.
സിപിഐ സംസ്‌ഥാന കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കുമെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. അപമാനം സഹിച്ച് മുന്നോട്ടുപോകേണ്ടതില്ലെന്നാണ് മിക്ക നേതാക്കളും അഭിപ്രായപ്പെട്ടത്. രണ്ടുതവണ മന്ത്രിസഭ ചര്‍ച്ചചെയ്‌തിട്ടും അഭിപ്രായൈക്യമില്ലാതെ മാറ്റിവച്ച വിഷയത്തില്‍ സിപിഎം ഒറ്റയ്‌ക്കു തീരുമാനമെടുത്തത് അംഗീകരിക്കാനാവില്ല. കേന്ദ്ര ഫണ്ടിന്റെ പേരില്‍ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതനിലപാടില്‍ സിപിഎം വെള്ളം ചേര്‍ത്തു. ഇത് ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
പാര്‍ട്ടിയുടെ പൊതുവികാരം ചൂണ്ടിക്കാട്ടിയുള്ള കര്‍ശന നിലപാട് മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം ആവര്‍ത്തിച്ചു. പിന്നാലെ സിപിഐ മന്ത്രിമാരായ കെ. രാജന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവരും മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയെങ്കിലും സമവായമുണ്ടായില്ല. ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടായില്ലെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോടു പറയുകയും ചെയ്‌തു.
പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ തുടരുന്നതാണ് സിപിഐയെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. വിഷയം എല്‍ഡിഎഫ് ചര്‍ച്ചചെയ്യുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ ഉറപ്പുപോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാപത്രം ഒപ്പിട്ടത് അംഗീകരിക്കാനാവില്ലെന്നു സിപിഐ വ്യക്‌തമാക്കുന്നു. എന്തായാലും പഞ്ചായത്തു, നിയമസഭാ തിരഞ്ഞടുപ്പ് അടുത്തുവരവേ കേരളത്തിലെ മുന്നണി സമവാക്യങ്ങളില്‍ മാറ്റം വരുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.