കളമശ്ശേരി: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിക്കുകയും രണ്ടുകോടിയിലേറെ രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തയാള്‍ പോലീസ് പിടിയിലായി. കാക്കനാട്ട് വാടകയ്ക്ക് താമസിക്കുന്ന കാസര്‍കോട് കൊളഹൂര്‍ വരികുളം വീട്ടില്‍ പ്രദീപ്കുമാറാ (43) ണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.
ഇടപ്പള്ളിയില്‍ ഇയാള്‍ നടത്തിയിരുന്ന ഭുവന്‍ശ്രീ ഇന്‍ഫോടെക് ആന്‍ഡ് മാന്‍പവര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ജോലിക്ക് ആളെ കൊണ്ടുപോകാനുള്ള ലൈസന്‍സുണ്ടെന്ന് യുവതിയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. യുവതി നടത്തിയിരുന്ന സ്ഥാപനത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശത്ത് ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
ഇയാള്‍ 2022 ഓഗസ്റ്റ് മുതല്‍ 2025 ജൂലൈ വരെ 78 ഉദ്യോഗാര്‍ഥികളില്‍ നിന്നായി 1,98,00,000 രൂപയും പ്രതിയുടെ ആവശ്യങ്ങള്‍ക്കായി 4,50,000 രൂപയും തട്ടിയെടുത്തു. 2023 സെപ്റ്റംബറില്‍ 15 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.