വിമാനയാത്രയ്ക്കിടെ യുവാവിന് ഹൃദയസ്തംഭനം; രക്ഷകരായി യുവ മലയാളി നഴ്സുമാര്‍
പുതിയ ജോലിയ്ക്കായുള്ള ആദ്യ വിമാനയാത്രയില്‍ യുവ മലയാളി നഴ്സുമാര്‍ ഒരു വിലപ്പെട്ട ജീവന്‍ രക്ഷപ്പെടുത്താന്‍ പങ്കാളികളായി. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കുള്ള എയര്‍ അറേബ്യയുടെ വിമാനത്തില്‍ ഹൃദയസ്തംഭനം മൂലം ബോധരഹിതനായ 34കാരന്റെ ജീവന്‍ ആണ് കേരളത്തില്‍ നിന്നുള്ള രണ്ട് യുവ നഴ്‌സുമാരുടെ സമയോചിതമായ ഇടപെടലോടെ രക്ഷപ്പെടുത്തിയത്. വയനാട് സ്വദേശി അഭിജിത് ജീസും ചങ്ങനാശേരി സ്വദേശി അജീഷ് നെല്‍സണുമാണ് വിമാനയാത്രയ്ക്കിടെ അതിവേഗത്തില്‍ സിപിആര്‍ (CPR) നടത്തി യാത്രക്കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
രാവിലെ 5.50ഓടെ അറബി കടലിനു മുകളിലൂടെ പറന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. യാത്രക്കാരന്‍ ബോധരഹിതനായി വീഴുന്നത് കണ്ട അഭിജിത് ഉടന്‍ പരിശോധന നടത്തി ഹൃദയമിടിപ്പ് നിന്നതാണെന്ന് മനസിലാക്കുകയായിരുന്നു . അജീഷ് സഹായിയായി ചേര്‍ന്നതോടെ ഇരുവരും ചേര്‍ന്ന് രണ്ട് റൗണ്ട് CPR നടത്തി. വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുല്‍ ഖാദര്‍ എത്തി അടിയന്തര ചികിത്സ നല്‍കി യാത്രക്കാരന്റെ നില മെച്ചപ്പെടുത്തി . അബുദാബിയില്‍ വിമാനം ഇറങ്ങിയ ഉടനെ വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘം രോഗിയെ ഏറ്റെടുത്തു.
പുതിയ ജോലി ആരംഭിക്കാനായി യുഎഇയിലേക്കുള്ള ഇരുവരുടെയും ആദ്യയാത്രയായിരുന്നു ഇത്. റസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ (RPM) സ്ഥാപനത്തിലാണ് ഇരുവരും നിയമിതരായത്. സംഭവം പുറത്തറിഞ്ഞതിനു ശേഷം റസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ അധികൃതര്‍ ഇരുവരെയും ആദരിച്ചു. ജീവിതത്തിന്റെ ആദ്യ വിദേശയാത്രയില്‍ ഒരു വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ആത്മ സംതൃപ്തിയിലാണ് അഭിജിത്തും അജീഷും.