വാഷിംങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനി വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ദക്ഷിണേന്ത്യന്‍ വംശജനും കമ്മ്യൂണിസ്റ്റുമാണ് മംദാനി. ഇന്ത്യന്‍ സംവിധായിക മീരാ നായരുടെ മകനാണ്.
മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോര്‍ക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം മതവിഭാഗത്തില്‍ നിന്നും ഒരു ഒരാള്‍ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ് മംദാനി.
തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം സൊഹ്‌റാന്‍ മംദാനിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫെഡറല്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുക്കാരന്‍ മേയറായി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിന് അത് വലിയ വിപത്താകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിരുന്നാലും പ്രവചനങ്ങളെല്ലാം മംദാനിക്ക് അനുകൂലമായിരുന്നു.
തന്റെ പേര് ബാലറ്റില്‍ ഇല്ലാതിരുന്നതും യുസിലെ ഷട്ട്ഡൗണുമാണ് പരാജയത്തിന് കാരണമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായതിന് പിന്നാലെ നടന്ന പ്രധാന തിരഞ്ഞെടുപ്പുകളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.
ന്യൂയോര്‍ക്ക്, വിര്‍ജിനിയ, ന്യൂജേഴ്‌സ് എന്നീ മൂന്നനഗരങ്ങളിലും ഡെമോക്രാറ്റുകള്‍ക്കാണ് വിജയം. അടുത്ത വര്‍ഷം യുഎസ് കോണ്‍ഗ്രസിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ നിര്‍ണായകമാണ് വിജയം.