നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം. ലണ്ടന്‍ ഡെറി കൗണ്ടിയില്‍ അക്രമികള്‍ മലയാളി കുടുംബത്തിന്റെ കാറിനു തീയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ലിമാവാഡിയില്‍ ഐറിഷ് ഗ്രീന്‍ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണു കത്തിച്ചത്.
കാര്‍ പൂര്‍ണമായും കത്തി നശിച്ചതായും പൂന്തോട്ടത്തിനും മറ്റും നാശം സംഭവിച്ചതായും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പൊലീസ് സര്‍വീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണത്തിനും ശ്രമം നടക്കുന്നുണ്ട്.
സംഭവത്തെ അപലപിച്ചു ഡിയുപി കൗണ്‍സിലര്‍ ആരോണ്‍ ക്യാലന്‍ രംഗത്തെത്തി. ഇത്തരം അതിക്രമങ്ങള്‍ക്കു നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും അക്രമം നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു. ലിമാവാഡി ആരെയും സ്വീകരിക്കുന്ന നഗരമാണെന്നും വംശീയ, വര്‍ണ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളി കുടുംബത്തിന്റെ കാര്‍ കത്തിച്ചതായും കഴിഞ്ഞയാഴ്ച മറ്റൊരു കുടുംബത്തിന്റെ കാറിന്റെ നാലു ടയറുകളും കുത്തിപ്പൊട്ടിച്ച സംഭവമുണ്ടായതായും പ്രദേശത്തെ മലയാളികള്‍ പറയുന്നു. കുടിയേറ്റക്കാര്‍ക്കുനേരെയുള്ള അതിക്രമമാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും സമാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മലയാളി കുടുംബങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ലണ്ടന്‍ഡെറി കൗണ്ടിയില്‍ വിവിധ കേന്ദ്രങ്ങളില്‍ സമീപ കാലത്തു വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തെ കോളറൈനില്‍ മലയാളികള്‍ക്കു നേരെ അതിക്രമമുണ്ടായതു വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു . രാത്രി ഭക്ഷണം കഴിക്കാനിറങ്ങിയ യുവാക്കള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ മാസം ബെല്‍ഫാസ്റ്റ് സിറ്റി ആശുപത്രി റെയില്‍വേ സ്റ്റേഷനില്‍ മലയാളി മധ്യവയസ്സ്‌കനെതിരെ ഒരുപറ്റം യുവാക്കള്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. വൃക്കരോഗിയും ശസ്ത്രക്രിയയ്ക്കു വിധേയനുമായ ഇദ്ദേഹത്തിനു ചികിത്സാ ആവശ്യത്തിന് എത്തുമ്പോഴാണ് ക്രൂരമായ ആക്രണം നേരിടേണ്ടി വന്നത് . ഡൊണഗല്‍ റോഡിലുണ്ടായ ഈ സംഭവത്തെ ഗുരുതരം എന്നാണു പൊലീസും വിശേഷിപ്പിച്ചത്.
ഈ സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഡൊണഗല്‍ റോഡില്‍ വ്യാപാര സ്ഥാപനത്തിനു നേരെ ആക്രമണം നടത്തുകയും മോഷണവും അഞ്ചിലേറെ വര്‍ണവിവേചന അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ 12 കാരന്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.