യു.കെ.വാര്‍ത്തകള്‍

ഡല്‍ഹി സ്ഫോടനത്തിന്റെ നടുക്കത്തില്‍ രാജ്യം; ഭീകരാക്രമണമെന്നുറപ്പിച്ച് അന്വേഷണ സംഘം

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുള്ള ഉഗ്ര സ്ഫോടനത്തില്‍ നടുങ്ങി രാജ്യം. നടന്നത് ചാവേര്‍ ആക്രമണമാണെന്നാണ് നിഗമനം. ഭീകരാക്രമണം തന്നെയാണെന്ന നിഗമനത്തിലേയ്ക്കാണ് അന്വേഷണ സംഘം എത്തുന്നത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന മൂന്ന് പേരും ചാവേറുകളാണെന്നാണ് നിഗമനം.

സ്‌ഫോടനത്തല്‍ ജെയ്‌ഷെ ഭീകരന്‍ ഉമര്‍ മുഹമ്മദിന്റെ ബന്ധം പരിശോധിക്കുന്നുണ്ട്. ഹരിയാനയില്‍ നിന്ന് ഹ്യുണ്ടായ് ഐ20 കാര്‍ വാങ്ങിയ പുല്‍വാമ സ്വദേശിയായ താരിഖിനായി തെരച്ചില്‍ നടക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് ഇയാള്‍ കാര്‍ വാങ്ങിയത്. കാര്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും ചുറ്റിക്കറങ്ങിയിരുന്നു. സ്‌ഫോടക വസ്തു നിറച്ച് യാത്ര ചെയ്‌തെന്നാണ് നിഗമനം. മൂന്ന് മണിക്കൂര്‍ കാര്‍ ചെങ്കോട്ടക്ക് സമീപം പാര്‍ക്ക് ചെയ്തു. സുനേരി മസ്ജിദ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലും കാറെത്തി. സിസിടിവി കേന്ദ്രീകരിച്ച് ആന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച ചെങ്കോട്ടയ്ക്ക് സമീപം വൈകുന്നേരം 6.52നാണ് കാറില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. പരിക്കേറ്റ മൂന്ന് പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഭീകരവിരുദ്ധ സ്‌ക്വാഡും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും സ്ഥലത്തുണ്ട്.

കാര്‍ വൈകിട്ട് 3:19-ന് പാര്‍ക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നതും 6:48-ന് പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. തുടക്കത്തില്‍ ഡ്രൈവറുടെ മുഖം വ്യക്തമായി കാണാമെങ്കിലും കാര്‍ മുന്നോട്ട് പോകുമ്പോള്‍ മുഖം മറച്ച ഒരാളാണ് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

ബദര്‍പൂര്‍ അതിര്‍ത്തിയില്‍ നിന്നാണ് കാര്‍ അവസാനമായി നഗരത്തിലേക്ക് പ്രവേശിച്ചത്. അതിന്റെ ശേഷിക്കുന്ന യാത്രാപാത അന്വേഷണത്തിലാണെന്നും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പറയുന്നു.

ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 3,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ജമ്മു കശ്മീര്‍ പൊലീസ് കണ്ടെടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്‌ഫോടനം ഉണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജമ്മു കശ്മീര്‍ സ്വദേശിയായ ഡോ. ആദില്‍ റാത്തറില്‍ നിന്ന് മാരകമായ ബോംബാക്കി മാറ്റാന്‍ കഴിയുന്ന 350 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിലാണ്.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions