യു.കെ.വാര്‍ത്തകള്‍

ഹോട്ടലില്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നത് നിര്‍ത്താന്‍ നീക്കം; മാറാന്‍ തയാറാവുന്നവര്‍ക്ക് ആഴ്ചയില്‍ നൂറു പൗണ്ട് വീതം നല്‍കും

കുടിയേറ്റക്കാര്‍ക്കെതിരെ രോഷം ഉയരുന്ന സാഹചര്യത്തില്‍ നികുതി ദായകരുടെ പണം ചെലവാക്കി ഹോട്ടലില്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നത് നിര്‍ത്താന്‍ പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഹോട്ടലുകളില്‍ നിന്ന് താമസം മാറാന്‍ തയാറാവുന്നവര്‍ക്ക് ആഴ്ചയില്‍ നൂറു പൗണ്ട് വീതം നല്‍കും.

കുടിയേറ്റക്കാരെ താമസിപ്പിക്കാനായി നികുതി പണം ഉപയോഗിക്കുന്നതിന്റെ പേരില്‍ ഹോട്ടലുകള്‍ക്കുമുന്നിലുള്ള പ്രതിഷേധങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഒരു ദിവസം ഒരാള്‍ക്ക് 145 പൗണ്ട് വീതമാണ് ഹോട്ടലുകളില്‍ താമസിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്നത്. ഖജനാവില്‍ നിന്നുള്ള പണമായതിനാല്‍ പ്രതിഷേധവും ശക്തമാണ്. ഇതൊഴിവാക്കി ഹോട്ടലില്‍ നിന്ന് താമസം മാറ്റി സുഹൃത്തുക്കളുടേയോ മറ്റോ വീട്ടില്‍ താമസിച്ചാല്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രതിവാരം നൂറു പൗണ്ട് വീതം നല്‍കും. ഇപ്പോള്‍ ലഭിക്കുന്ന പ്രതിവാരം 49.18 പൗണ്ടിന് പുറമെയായിരിക്കും 100 പൗണ്ട് ലഭിക്കുക.

2029ന് മുന്‍പായി അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിന് ഹോട്ടലുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കും എന്നാണ് സര്‍ കീര്‍ സ്റ്റാര്‍മര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് താമസിക്കുന്നതിന് മറ്റൊരു സംവിധാനം തരപ്പെടുത്തിയാല്‍ പണം നല്‍കാനുള്ള ആലോചന ഹോം ഓഫീസ് തുടങ്ങിയത്.

അതിനിടെ, യുകെയിലേക്ക് അനധികൃതമായി കടക്കുന്നവരെ നാടുകടത്തുമെന്ന ഹോം ഓഫീസിന്റെ ഭീഷണി തമാശയായിരിക്കുകയാണ്. ചെറുബോട്ടില്‍ കയറി രാജ്യത്ത് പ്രവേശിച്ചതിന് നാടുകടത്തിയ മറ്റൊരു അനധികൃത കുടിയേറ്റക്കാരന്‍ കൂടി ഇപ്പോള്‍ യുകെയിലേക്ക് വീണ്ടും എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റിമംബ്രന്‍സ് ഡേയില്‍ ഡിഞ്ചിയില്‍ കയറിയാണ് ഇയാള്‍ യുകെയിലേക്ക് വീണ്ടും പ്രവേശിച്ചതെന്ന് ജിബി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ഉള്‍പ്പെടെ നാനൂറോളം കുടിയേറ്റക്കാരെയാണ് ചാനലില്‍ വെച്ച് പിടികൂടി ബോര്‍ഡര്‍ ഫോഴ്‌സ് ഡോവറില്‍ എത്തിച്ചത്.

ഗവണ്‍മെന്റിന്റെ ഫ്രാന്‍സിലേക്കുള്ള 'വണ്‍ ഇന്‍, വണ്‍ ഔട്ട്' സ്‌കീമിന് കനത്ത തിരിച്ചടിയാണ് ഈ വാര്‍ത്ത. ഫ്രാന്‍സിലേക്ക് മടക്കി അയയ്ക്കുന്നവര്‍ അനികൃതമായി വീണ്ടും യുകെയിലേക്ക് എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. ഏതാനും ദിവസം മുന്‍പാണ് രണ്ട് തവണ യുകെയിലെത്തിയ വ്യക്തിയെ രണ്ടാമതും നാടുകടത്തിയത്.

ഫ്രാന്‍സിലേക്ക് നാടുകടത്തിയ ശേഷം വീണ്ടും തിരികെ പ്രവേശിക്കുന്നവര്‍ സമയവും, പണവും പാഴാക്കുകയാണെന്ന് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചു. ഇവരെ ബയോമെട്രിക്‌സ് വഴി തിരിച്ചറിയുകയും, തടങ്കലില്‍ എടുക്കുകയും, കേസ് എടുത്ത് വേഗത്തില്‍ നാടകടത്തുകയുമാണ് ചെയ്യുന്നത്. സിസ്റ്റം വര്‍ക്ക് ചെയ്യുന്നുവെന്നാണ് രണ്ടാമത്തെ വ്യക്തിയെ പിടികൂടിയത് തെളിയിക്കുന്നതെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വാദം.

  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  • ഇറാന്‍ യുദ്ധം: ബ്രിട്ടന് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്
  • അപ്രന്റിസ് ജോലിയില്‍ പ്രവേശിക്കുന്ന വൈകല്യമുള്ള കൗമാരക്കാരുടെ കുടുംബങ്ങള്‍ക്ക് 4,500 പൗണ്ട് ധനസഹായം
  • ഇംഗ്ലണ്ടില്‍ 14 വയസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ സ്കൂളുകള്‍
  • 12 കാരി മലയാളി പെണ്‍കുട്ടി യുകെയില്‍ യങ് മേയര്‍; അഭിമാന നേട്ടം
  • ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions