യുകെയിലെ അഞ്ച് മോര്‍ട്ട്‌ഗേജ് ദായകര്‍ കൂടി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. എന്നാല്‍, ദീര്‍ഘകാലത്തേക്ക് മോര്‍ട്ട്‌ഗേജ് നിരക്ക് കുറഞ്ഞുകൊണ്ടിരിക്കില്ല എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് മുതല്‍ എച്ച് എസ് ബി സി, സാന്റാന്‍ഡര്‍, ടി എസ് ബി, നാറ്റ്വെസ്റ്റ്, പ്രിന്‍സിപാലിറ്റി ബില്‍ഡിംഗ് സൊസൈറ്റി എന്നിവരാണ് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കുന്നത്. വായ്പാദാതാക്കള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് കുറയ്ക്കല്‍.
എച്ച് എസ് ബി സി, താമസിക്കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും വാടകയ്ക്ക് നല്‍കാനായി വീടു വാങ്ങുന്നവര്‍ക്കും നല്‍കുന്ന മോര്‍ട്ട്‌ഗേജില്‍ നിരക്ക് കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഇവര്‍ നിരക്ക് കുറയ്ക്കുന്നത്. കൃത്യമായി എത്ര കുറവ് ഉണ്ടാകുമെന്നത് ബാങ്ക് ഇന്ന് മാത്രമെ പ്രഖ്യാപിക്കുകയുള്ളു. അതേസമയം, റെസിഡെന്‍ഷ്യല്‍ ഫിക്സ്ഡ് നിരക്കുകളില്‍ സാന്റാന്‍ഡര്‍ ഈ മാസം രണ്ടാം തവണയും കുറവ് വരുത്തുകയാണ്. ഇത്തവണ 0.14 ശതമാനം വരെയാണ് കുറവ് വരുത്തുക.
താമസിക്കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും, വാടകയ്ക്ക് നല്‍കുന്നതിനായി വീട് വാങ്ങുന്നവര്‍ക്കും അതുപോലെ റീമോര്‍ട്ട്‌ഗേജിംഗിനും 0.15 ശതമാനത്തിന്റെ കുറവാണ് ടി എസ് ബി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിന്‍സിപ്പാലിറ്റി ബില്‍ഡിംഗ് സൊസൈറ്റി 0.13 ശതമാനത്തിന്റെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാറ്റ്വെസ്റ്റ് ആണെങ്കില്‍, കുറഞ്ഞ നിരക്കിലുള്ള ചില ബൈ ടു ലെറ്റ് മോര്‍ട്ട്‌ഗേജ് ഡീലുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.