ഡല്‍ഹി സ്‌ഫോടനം; ചാവേര്‍ ആക്രമണമെന്ന് സംശയം, മുഖ്യ സൂത്രധാരന്‍ ഡോ. ഉമര്‍ മുഹമ്മദ് എന്നു പോലീസ്
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ചാവേര്‍ സ്ഫോടനമെന്ന് പ്രാഥമിക നിഗമനം. മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണെന്നാണ് സൂചന. ഇയാളുടെ ചിത്രമടക്കം പുറത്ത് വന്നിട്ടുണ്ട്. ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ജമ്മു-കശ്മീര്‍, ഹരിയാന പൊലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചാവേര്‍ സ്ഫോടനമാണ് നടന്നതെന്നും മുഖ്യ സൂത്രധാരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്നയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാവേറെന്ന് സംശയിക്കുന്ന ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. പഴയ ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു സ്ഫോടനം. സംഭവത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് സ്‌ഫോടനം ഉണ്ടായത്. ഇതിന് മുമ്പായി കാര്‍ മൂന്ന് മണിക്കൂറോളം പാര്‍ക്ക് ചെയ്തതിന്റേയും മറ്റുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
ജമ്മു-കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിലെ എട്ട് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ഇതിലുണ്ടായിരുന്നു. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐഇഡി നിര്‍മാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കള്‍ ഇവരില്‍നിന്ന് പിടികൂടിയിരുന്നു.
സിഎന്‍എന്‍-ന്യൂസ് 18-ന് ലഭിച്ച ദൃശ്യങ്ങളിലും വീഡിയോയിലും, നവംബര്‍ 10-ന് വൈകുന്നേരം 6.22-ന് സ്‌ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായ് ഐ20 കാര്‍ ഓടിച്ചുപോകുന്ന ഒരാളെ കാണാം. സംഭവം നടക്കുന്നതിന് മുന്‍പ് ഇയാള്‍ ഒരു ബന്ധുവിനെ ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ ശേഷം മടങ്ങുകയായിരുന്നുവെന്നാണ് സൂചന. റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപം സ്‌ഫോടനത്തില്‍പ്പെട്ട ഐ20 കാര്‍ വൈകുന്നേരം 3.19 മുതല്‍ 6.48 വരെ ഏകദേശം മൂന്ന് മണിക്കൂറോളം പാര്‍ക്ക് ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം 6.52-നാണ് ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപം സ്‌ഫോടനം ഉണ്ടായത്. മെട്രോ സ്റ്റേഷന് സമീപമുള്ള സുഭാഷ് മാര്‍ഗ് ട്രാഫിക് സിഗ്‌നലില്‍ പോകുകയായിരുന്ന ഹ്യൂണ്ടായ് ഐ20 കാര്‍ നിര്‍ത്തുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകുകയും കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുവെച്ച് തന്നെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എഎന്‍ഐയോട് സ്ഥിരീകരിച്ചു. 'വൈകുന്നേരം 7 മണിയോടെയാണ് ചെങ്കോട്ടയ്ക്ക് സമീപം ഹ്യൂണ്ടായ് ഐ20-യില്‍ സ്‌ഫോടനമുണ്ടായത്. ചില കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും സമീപത്തെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചില ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വിവരം ലഭിച്ച് പത്ത് മിനിറ്റിനുള്ളില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘങ്ങള്‍ സ്ഥലത്തെത്തി,' അദ്ദേഹം പറഞ്ഞു. നിരവധി സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍ഐഎ, എഫ്എസ്എല്‍ ഉള്‍പ്പെടെയുള്ള ഫോറന്‍സിക്, കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ സഹായിക്കുന്നുണ്ടെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ സതീഷ് ഗോല്‍ച സ്ഥിരീകരിച്ചു.