ന്യൂഡല്‍ഹി: ഫരീദാബാദിലെ വന്‍ സ്ഫോടകവസ്തു വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ ആസ്ഥാനമായുള്ള വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദ്, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) വനിതാ വിഭാഗം നേതാവ്. ജെയ്‌ഷെ മുഹമ്മദിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ഫണ്ട് ശേഖരണവും ഷഹീന്‍ ഷാഹിദിന്റെ നേതൃത്വത്തില്‍ ഈ സംഘടന തുടങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹര്‍ നയിക്കുന്ന, ജെയ്‌ഷെ മുഹമ്മദ് വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍-മോമിനാത്തിന്റെ ഇന്ത്യയിലെ ചുമതല ഷഹീന്‍ ഷാഹിദിനായിരുന്നു. കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനായിരുന്നു സാദിയ അസ്ഹറിന്റെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍. മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂറിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്.
പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളായ ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെ.ഇ.എം), അന്‍സാര്‍ ഗസ്‌വത്-ഉല്‍-ഹിന്ദ് (എ.ജി.യു.എച്ച്) എന്നിവയുമായി ഷാഹിദ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മൊഡ്യൂള്‍ പദ്ധതിയിട്ടിരുന്നതായി പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.