തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റില്‍. സ്വര്‍ണകട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. പ്രത്യേക അന്വേഷണ സംഘമാണ് എന്‍. വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് തന്നെ വാസുവിനെ റാന്നി കോടതിയില്‍ ഹാജരാക്കും.
വാസുവിനെ നേരത്തേ എസ്ഐടി സംഘം രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കിയിരുന്നു. 2019 മാര്‍ച്ചില്‍ വാതില്‍ പാളിയിലെ സ്വര്‍ണം ഉരുക്കിയത് എന്‍ വാസുവിന്റെ അറിവോടെ എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
വാസു രണ്ടു തവണ ദേവസ്വം കമ്മിഷണറും സ്വര്‍ണക്കൊള്ള നടന്നു മാസങ്ങള്‍ക്ക് ശേഷം ദേവസ്വം പ്രസിഡന്റ് മായിരുന്നു. സ്വര്‍ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവാണ്. ദ്വാരപാലക ശില്‍പങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു എന്നും കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വാസുവിന് ഇമെയില്‍ അയച്ചിരുന്നു.