കുടിയേറ്റ വിരുദ്ധ പ്രചാരണം: എന്‍എച്ച്എസിലെ ന്യൂനപക്ഷ ജീവനക്കാര്‍ അധിക്ഷേപങ്ങള്‍ നേരിടുന്നു
കുടിയേറ്റ വിരുദ്ധ പ്രചാരണം ശക്തിപ്പെടുന്നത് എന്‍എച്ച്എസിലെ ന്യൂനപക്ഷ ജീവനക്കാരിലും കടുത്ത ആശങ്കയുളവാക്കുന്നു. ജോലി സ്ഥലത്തും സോഷ്യല്‍മീഡിയകളിലും അധിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കോവിഡ് ഉള്‍പ്പെടെ പ്രതിസന്ധി കാലഘട്ടങ്ങളില്‍ തങ്ങളുടെ ജീവനെ കുറിച്ച് പോലും ചിന്തിക്കാതെ ആശുപത്രികളില്‍ സജീവമായിരുന്നു എന്‍എച്ച്എസിലെ കുടിയേറ്റ ജീവനക്കാര്‍. ജോലിയില്‍ വിശ്രമമില്ലാതെ കുടുംബത്തെ പോലും അവഗണിച്ച് ജോലി ചെയ്തവരാണ് പലരും. ഇപ്പോഴിതാ കുടിയേറ്റ പ്രതിഷേധങ്ങളില്‍ അവരും ഇരകളാക്കപ്പെടുകയാണ്.
സെന്റ് ജോര്‍ജ് ഫ്‌ലാഗുകള്‍ ഉയര്‍ത്തുന്നിടത്ത് തങ്ങള്‍ സുരക്ഷിതമാണോ എന്ന സംശയത്തിലാണ് ചില കുടിയേറ്റക്കാരെന്ന് ഒരു വിഭാഗം തുറന്നുപറയുന്നു. പതാകകള്‍ മനപൂര്‍വം ഭീഷണി സൃഷ്ടിക്കുന്നതായി ഒരു എന്‍എച്ച്എസ് ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു.
പലയിടത്തും വംശീയ ഭീഷണി നിലനില്‍ക്കുകയാണ്. അയര്‍ലന്‍ഡില്‍ തുടര്‍ച്ചയായ അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോഴിതാ എന്‍എച്ച്എസിലും ജീവനക്കാരില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയാണ് ചില സോഷ്യല്‍മീഡിയ കമന്റുകളും പ്രതിഷേധങ്ങളുമെല്ലാം.
വിദേശ നഴ്‌സുമാരില്ലാതെ ബ്രിട്ടനിലെ ആരോഗ്യ സംവിധാനത്തിന് നിലനില്‍പ്പില്ലെന്ന് കോളേജ് ഓഫ് നഴ്‌സിങ് ജനറല്‍ സെക്രട്ടറി പ്രൊഫ നിക്കോള റേഞ്ചര്‍ പറഞ്ഞു. നഴ്‌സുമാര്‍ക്ക് ഭീഷണിയായി ഉയരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കുടിയേറ്റ വിരുദ്ധത സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.