ബിഹാറില്‍ എന്‍ഡിഎ തരംഗം; നിലം തൊടാതെ മഹാസഖ്യം, ആര്‍ജെഡിയ്ക്കും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി
എക്സിറ്റ് പോളുകളെയും മറികടക്കുന്ന തകര്‍പ്പന്‍ പ്രകടനവുമായി ബിഹാറില്‍ വീണ്ടും എന്‍ഡിഎ ഭരണം. എന്‍ഡിഎ 208 സീറ്റിലും ഇന്ത്യ സഖ്യം 29 സീറ്റിലും മുന്നേറുകയാണ്. 95 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജെഡിയു 85 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 2020-ല്‍ 75 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആര്‍ജെഡിക്ക് ഇത്തവണ അതിന്റെ പകുതി സീറ്റുകളില്‍ പോലും ലീഡ് ചെയ്യാനായില്ല. വെറും 24 സീറ്റുകളിലാണ് അവരുടെ ലീഡ്. 60 സീറ്റില്‍ മത്സരിച്ചിട്ട് കോണ്‍ഗ്രസ് 4 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ 19 ഉണ്ടായിരുന്നു.
ഭരണവിരുദ്ധ വികാരത്തെ ഭരണാനുകൂല വികാരമാക്കി മാറ്റാന്‍ കൃത്യമായ പദ്ധതികളും പ്രഖ്യാപനങ്ങളുമായി തുടക്കം മുതല്‍ മുന്നിലായിരുന്നു എന്‍ഡിഎ ക്യാമ്പ്. തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചര്‍ച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന മോഹങ്ങളാണ് തകര്‍ന്നടിഞ്ഞത്. വോട്ടുചോരി അടക്കം പ്രചാരണം നടത്തിയിട്ടും ഇന്ത്യ സഖ്യത്തിന് അത്ഭുതങ്ങള്‍ കാണിക്കാനായില്ല എന്ന് മാത്രമല്ല നില കൂടുതല്‍ പരുങ്ങലിലാവുകയും ചെയ്തു . എന്‍ഡിഎയുടെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ഗുണം ചെയ്‌തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ തന്നെ എന്‍ഡിഎ കുതിപ്പ് ആരംഭിച്ചിരുന്നു. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 66.91% എന്ന റെക്കോര്‍ഡ് പോളിംഗാണ് ഇത്തവണ നടന്നത്. ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു.
ഭരണകക്ഷിയായ എന്‍ഡിഎക്ക് 130 മുതല്‍ 167 വരെ സീറ്റുകളും ഇന്ത്യ സഖ്യത്തിന് 70 മുതല്‍ 108 വരെ സീറ്റുകളുമാണ് പൊതുവേ പ്രവചിച്ചിരുന്നത്. എന്‍ഡിഎ നാലില്‍ മൂന്നു ഭൂരിപക്ഷവും മറികടന്ന് കുതിക്കുകയാണെന്നാണ് നിലവിലെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. മറുഭാഗത്ത്, 50 സീറ്റുകള്‍ പോലും തികയ്ക്കാനാകാതെ മഹാസഖ്യം കിതക്കുകയാണ്.
നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിഹാര്‍ മന്ത്രി അശോക് ചൗധരി പറഞ്ഞു.