പീറ്റര്‍ബറോയ്ക്കടുത്തു സ്പാല്‍ഡിംഗില്‍ മകനെയും കുടുംബത്തെയും കാണാനെത്തിയപ്പോള്‍ മരണത്തിന് കീഴടങ്ങിയ മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്(ശനിയാഴ്ച) നടക്കും. സ്പാല്‍ഡിംഗിലെ ദ ഇമ്മാക്യുലേറ്റ് കണ്‍സപ്ഷന്‍ ആന്റ് സെയിന്റ് നോര്‍ബേര്‍ട്ട് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെയാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് മൃതദേഹം നാട്ടിലാണ് സംസ്‌കരിക്കുക. കാലടി മഞ്ഞപ്ര സ്വദേശി തിരുത്തനത്തില്‍ പരേതനായ പൗലോസിന്റെ ഭാര്യ മേരിയായിരുന്ന മേരി ഈമാസം അഞ്ചിനാണ് മരണത്തിന് കീഴടങ്ങിയത്.
ദേവാലയത്തിന്റെ വിലാസം
The Immaculate Conception & SAint Norbert Church, St. Thomas Road, Spalding, PE11 2XX
മകന്റെ ഭാര്യ കുഞ്ഞിനെ സ്‌കൂളില്‍ നിന്നും വിളിച്ചു കൊണ്ടുവരാന്‍ പോയ ചെറിയ ഇടവേളയിലാണ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന മേരി കുഴഞ്ഞു വീണു മരിക്കുന്നത്. കുട്ടിയുമായി തിരികെ വന്ന മകന്‍ ജിതിന്റെ ഭാര്യ വീടിന്റെ വാതില്‍ തുറക്കാതായതോടെ പിന്‍വശത്തു ജനലില്‍ കൂടി കുഞ്ഞിനെ അകത്തു കയറ്റി വാതില്‍ തുറന്നപ്പോഴാണ് മേരി കുഴഞ്ഞു വീണു കിടക്കുന്നത്. ഉടന്‍ അയല്‍വാസികള്‍ ഓടിയെത്തി സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആംബുലന്‍സ് എത്തി പാരാമെഡിക്സ് ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.
മകനും കുടുംബവും ഒത്തു സന്തോഷത്തോടെ കഴിഞ്ഞു പേരക്കുട്ടികളുടെ ഒപ്പം മധുര സ്മരണകള്‍ സ്വന്തമാക്കി മടങ്ങണം എന്ന ആഗ്രഹത്തോടെയാണ് 75കാരിയായ മേരി യുകെയില്‍ എത്തിയത്. മൂന്നു മാസം മുമ്പാണ് ജിതിന്‍ യുകെയില്‍ പുതിയ വീട് വാങ്ങിയത്. മകന്റെ വീട് കാണുവാനും കുറച്ചു കാലം താമസിച്ച് വിസാ കാലാവധി കഴിയുന്ന ഫെബ്രുവരിയില്‍ മടങ്ങാന്‍ ഇരിക്കവേയാണ് നേരത്തെ വന്ന മരണം അമ്മയെ തട്ടിയെടുത്തത്.