ട്രംപിനോട് മാപ്പു ചോദിച്ചു ബിബിസി; നൂറു കോടി ഡോളര്‍ നല്‍കില്ല, ബിബിസിയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2021 ജനുവരി 6ന് നടത്തിയ രണ്ട് പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് ഒറ്റ പ്രസംഗമെന്ന് തോന്നും വിധം ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിന് ക്ഷമാപണം നടത്തി ബിബിസി കത്തയച്ചു. എന്നാല്‍ ഇതിന് മാനനഷ്ടത്തിന് നൂറു കോടി നല്‍കണമെന്ന ട്രംപിന്റെ അവകാശ വാദത്തില്‍ കഴമ്പില്ലെന്നും ബിബിസി അധ്യക്ഷന്‍ സമീര്‍ ഷാ കത്തില്‍ പറയുന്നു.
2020 ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം അംഗീകരിക്കാതെ അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളായിരുന്നു ഇവ. 2024 ല്‍ ട്രംപ് വീണ്ടും മത്സരിച്ചപ്പോഴാണ് ഈ പ്രസംഗ ഭാഗങ്ങള്‍ ഉപയോഗിക്കുന്ന ട്രംപ് എ സെക്കന്‍ഡ് ചാന്‍സ് എന്ന ഡോക്യുമെന്ററി ബിബിസി പനോരമ വിഭാഗത്തില്‍ സംപ്രേക്ഷണം ചെയ്തത്.
അതിനിടെ, ബ്രിട്ടന്റെ ദേശീയ ബ്രോഡ്കാസ്റ്റര്‍ക്ക് എതിരെ നഷ്ടപരിഹാര കേസുമായി മുന്നോട്ട് പോകുമെന്നാണ് ട്രംപ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. 2021-ല്‍ ക്യാപിറ്റോള്‍ ഹില്ലില്‍ കടന്നുകയറാന്‍ ട്രംപ് അണികളെ പ്രേരിപ്പിച്ച് വിട്ടുവെന്ന തരത്തിലാണ് ബിബിസി വീഡിയോ സൃഷ്ടിച്ചത്. എന്നാല്‍ പരസ്പര ബന്ധമില്ലാത്ത രണ്ട് പ്രസംഗങ്ങള്‍ വെട്ടിത്തിരുകിയാണ് ഇത് തയ്യാറാക്കിയതെന്ന് ഇപ്പോള്‍ ബിബിസി തന്നെ സമ്മതിച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റിനോട് വ്യക്തിപരമായി മാപ്പ് അപേക്ഷിച്ച് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ കത്തയച്ചിരുന്നു. എന്നാല്‍ ഡോക്യുമെന്ററിയുടെ പേരില്‍ തങ്ങള്‍ക്കെതിരെ നിയമനടപടിക്ക് അടിസ്ഥാനമില്ലെന്ന് ബിബിസി വാദിക്കുന്നു. സമ്പൂര്‍ണ്ണ മാപ്പപേക്ഷയ്ക്ക് തയ്യാറാകാത്ത ഘട്ടത്തിലാണ് ട്രംപ് പുതിയ നീക്കം നടത്തുന്നത്.
നഷ്ടപരിഹാരം തേടാന്‍ ഒരുങ്ങുകയാണെന്ന് ട്രംപ് വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. 1 ബില്ല്യണ്‍ മുതല്‍ 5 ബില്ല്യണ്‍ പൗണ്ട് വരെയാണ് നഷ്ടപരിഹാരം തേടുക.