കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
തലശ്ശേരി പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. എന്നാല്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിക്കുകയായിരുന്നു.