'ബൊഗെയ്ന്‍വില്ല'യ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാന്‍ കഴിയാത്തതില്‍ ഹൈക്കോടതിയെ സമീപിച്ച് സംവിധായകന്‍ അമല്‍ നീരദ്. കേന്ദ്ര വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിന്റെ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് സിനിമ അവാര്‍ഡിനായി അപേക്ഷിക്കാന്‍ സാധിക്കാതിരുന്നത്.
നിര്‍മ്മാതാക്കളുടെ അപേക്ഷയില്‍ 10 ദിവസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ 7 അവാര്‍ഡുകളാണ് ബോഗയ്ന്‍വില്ല നേടിയത്. മികച്ച സംഗീത സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച വസ്ത്രാലങ്കാരം, മികച്ച മേക്കപ്പ്, മികച്ച കൊറിയോഗ്രാഫി, മികച്ച കളറിസ്റ്റ്, സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ (ജ്യോതിര്‍മയി) എന്നിവയാണ് സിനിമയ്ക്ക് ലഭിച്ചത്.
'ഭീഷ്മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ കൂടിയാണ് ബോഗയ്ന്‍വില്ല. കൂടാതെ പതിനൊന്ന് വര്‍ഷത്തിന് ശേഷം ജ്യോതിര്‍മയി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഷറഫുദ്ദീന്‍, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. ലാജോ ജോസഫിന്റെ റൂത്തിന്റെ ലോകം എന്ന നോവല്‍ ആസ്പദമാക്കി എടുത്ത ചിത്രത്തിന്റെ തിരക്കഥ അമല്‍ നീരദും ലാജോ ജോസഫും ചേര്‍ന്നാണ് നിര്‍വഹിച്ചത്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.