ബ്രിട്ടനില്‍ അഭയം ലഭിക്കുന്നവര്‍ക്ക് സ്ഥിര താമസത്തിന് 20 വര്‍ഷം കാത്തിരിക്കണം; പുതിയ കുടിയേറ്റ നയം വരുന്നു
ബ്രിട്ടനില്‍ അഭയം ലഭിക്കുന്നവര്‍ക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കുവാന്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടിവരുമെന്ന നയം നടപ്പാക്കുന്നു. ആഭ്യന്തരകാര്യമന്ത്രി ഷബാന മഹ്‌മൂദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിക്കാന്‍ നിലവില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി താമസിക്കണം.
ഡെന്‍മാര്‍ക്കിലെ കടുപ്പമേറിയ അഭയാര്‍ത്ഥി നയങ്ങള്‍ കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ വിജയകരമായ സാഹചര്യത്തില്‍ ഇത് യുകെയില്‍ ആവര്‍ത്തിക്കാനാണ് ഹോം സെക്രട്ടറി ആഗ്രഹിക്കുന്നത്. എന്നാല്‍ അത്രയേറെ കടുപ്പം കൂട്ടാന്‍ ലേബര്‍ എംപിമാരില്‍ ഒരു വിഭാഗം അനുവദിക്കുകയും ചെയ്യില്ല. എന്നിരുന്നാലും ഒരു തലമുറയ്ക്കിടെ കാണാത്ത തരത്തിലുള്ള അടിസ്ഥാനപരമായ മാറ്റങ്ങളാണ് നടപ്പിലാക്കുകയെന്ന് മഹ്മൂദ് പറയുന്നു.
അനധികൃത കുടിയേറ്റം രാജ്യത്തെ കീറിമുറിക്കുകയാണെന്ന് ഹോം സെക്രട്ടറി പറയുന്നു. ഇതോടെയാണ് അനധികൃതമായി എത്തുന്നവര്‍ക്ക് സ്ഥിരതാമസം സാധ്യമാകണമെങ്കില്‍ 20 വര്‍ഷത്തെ കാലയളവ് വേണമെന്ന നിബന്ധന വെയ്ക്കുന്നത്. ചെറുബോട്ടുകളിലും, ലോറികളിലും കയറി രാജ്യത്ത് പ്രവേശിച്ച ശേഷം അഭയാര്‍ത്ഥിത്വം തേടുന്നവര്‍ക്കും, വിസാ കാലാവധി കഴിഞ്ഞ് താമസിച്ച ശേഷം അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നവര്‍ക്കും ഇത് ബാധകമാകും.
ചെറിയ ബോട്ടു യാത്രയിലൂടെ അനധികൃതമായി യുകെയിലേക്കെത്തുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി അഭയാര്‍ത്ഥി അപേക്ഷകള്‍ നിയന്ത്രണ വിധേയമാക്കും. അഞ്ചുവര്‍ഷത്തേക്കു ലഭിക്കുന്ന അഭയാര്‍ത്ഥി പദവി 2.5 വര്‍ഷമായി കുറയ്ക്കുകയും ഓരോ കാലാവധിയുടേയും അവസാനം അവലോകനം നടത്തുകയും ചെയ്യും.
പരിശോധനയില്‍ ജന്മ സ്ഥലം സുരക്ഷിതമാണെന്ന് കണ്ടെത്തിയാല്‍ അഭയാര്‍ത്ഥികളോട് തിരിച്ചുപോകാന്‍ ആവശ്യപ്പെടും. അനധികൃത കുടിയേറ്റം രാജ്യത്തെ വിഭജിക്കുകയാണെന്നും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ഒരു വിഭാഗം ഇതിനെ എതിര്‍ക്കുന്നുമുണ്ട്. റെഫ്യൂജി കൗണ്‍സില്‍ നയത്തെ അനാവശ്യമെന്നാണ് വിലയിരുത്തല്‍. യുദ്ധവും പീഡനവും മൂലം അഭയാര്‍ത്ഥിത്വം തേടുന്നവര്‍ക്കും ഈ നയം തിരിച്ചടിയാകുമെന്ന് ഒരു കൂട്ടര്‍ ഓര്‍മ്മിപ്പിക്കുന്നു.