അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ലണ്ടനില്‍ രണ്ടാഴ്ചമുമ്പ് വിടപറഞ്ഞ വിദ്യാര്‍ഥിനി എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി അനീന പോളി(24) ന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്.
ഭൗതികശരീരം ചൊവ്വാഴ്ച രാവിലെയുള്ള എമിറേറ്റ്‌സ് വിമാനത്തിനാണ് നാട്ടിലേക്ക് അയക്കുന്നത്. ബുധനാഴ്ച 11 മണിയോടുകൂടി നാട്ടില്‍ എത്തും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അവരുടെ ഇടവകയായ അയമുറി തിരുഹൃദയ ദേവാലയത്തില്‍ ഭൗതികശരീരം അടക്കം ചെയ്യുന്നതിനുള്ള തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. റെയ്ല്‍ഫോര്‍ഡില്‍ നിന്നുള്ള ഷിജുവും മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോകുന്നുണ്ട്.
ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോല്‍ഡില്‍ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി 9 മണിയോടെ ഭക്ഷണം കഴിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. അനീന 2024 സെപ്റ്റംബറിലാണ് മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയില്‍ എംഎസ്‌സി അഗ്രികള്‍ച്ചര്‍ കോഴ്സ് പഠനത്തിനായി എത്തുന്നത്.
പഠനം അവസാനഘട്ടത്തിലേക്ക് എത്താറായപ്പോഴാണ് വിധി ജീവന്‍ കവര്‍ന്നെടുത്തത്. പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി പള്ളശ്ശേരി വീട്ടില്‍ വറീത് പൗലോസ് - ബ്ലെസ്സി പോള്‍ ദമ്പതികളുടെ മകളാണ്. മാതാപിതാക്കള്‍ക്ക് ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് പെണ്മക്കളില്‍ ഒരാളായ അനീനയെ ഏറെ പ്രതീക്ഷകളോടെയാണ് കുടുംബാംഗങ്ങള്‍ യുകെയില്‍ പഠനത്തിനായി വിട്ടത്. അനീനയ്ക്ക് സഹോദരികളെ കൂടാതെ ഒരു സഹോദരന്‍ കൂടിയുണ്ട്.
അനീന താമസിച്ചിരുന്ന ഇല്‍ഫോര്‍ഡില്‍ ഒരു സ്റ്റേഡിയത്തില്‍ കിച്ചന്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന അനീനയ്ക്ക് വാടകയ്ക്കും ഭക്ഷണത്തിനും ഉള്ള പണം മാത്രമാണ് കഷ്ടിച്ച് ഓരോ മാസവും ലഭിച്ചിരുന്നത്. പോസ്റ്റ് സ്റ്റഡി വിസക്കാലം ആകുമ്പോഴേക്ക് കൂടുതല്‍ ജോലി ചെയ്തു തനിക്ക് യുകെയില്‍ വരാന്‍ വേണ്ടി വന്ന തുക വരുത്തി വച്ച കടം വീട്ടാം എന്ന ആശ്വാസത്തില്‍ കഴിയവേയാണ് അനീനയെ തേടി മരണം എത്തിയത്. മൂന്നു ദിവസം ആശുപത്രിയില്‍ ജീവന് വേണ്ടി പൊരുതിയാണ് മരണത്തിനു കീഴടങ്ങിയത്.