ഒരുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം; നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി
നടി മീരാ വാസുദേവ് വീണ്ടും വിവാഹമോചിതയായി. പാലക്കാട് സ്വദേശിയും സിനിമാ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് മീര അവസാനിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മേയിലായിരുന്നു ഇവരുടെ വിവാഹം. നടി തന്നെയാണ് വിവാഹമോചന വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്.
'ഞാന്‍ നടി മീരാ വാസുദേവ്. 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായതും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.' -ഇതാണ് മീരാ വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തന്റെ ഒരു സെല്‍ഫി ചിത്രവും മീര പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.
ഇത് മൂന്നാം തവണയാണ് മീരാ വാസുദേവ് വിവാഹമോചിതയാകുന്നത്. വിശാല്‍ അഗര്‍വാളായിരുന്നു മീരയുടെ ആദ്യഭര്‍ത്താവ്. 2005-ലായിരുന്നു ഇവരുടെ വിവാഹം. അഞ്ചുവര്‍ഷത്തിനുശേഷം 2010-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2012-ല്‍ നടനും മോഡലുമായ ജോണ്‍ കൊക്കനെ മീര വിവാഹം ചെയ്തു. ഇവര്‍ക്ക് അരിഹ എന്ന മകനുണ്ട്. ജോണ്‍ കൊക്കനും മീരാ വാസുദേവും 2016-ലാണ് വിവാഹമോചിതരായത്.
തുടര്‍ന്ന് വര്‍ഷങ്ങളോളം ഒറ്റയ്ക്ക് ജീവിച്ചശേഷമാണ് കഴിഞ്ഞവര്‍ഷം വിപിന്‍ പുതിയങ്കത്തെ വിവാഹം ചെയ്തത്. വിപിന്‍ ക്യാമറാമാനായ സീരിയലിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. 2024 ഏപ്രില്‍ 21-ന് കോയമ്പത്തൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. തന്മാത്ര ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെയും വിവിധ ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയയായിരുന്നു മീര.