600 അഭയാര്‍ത്ഥികളെ പഴയ സൈനിക ക്യാമ്പിലേക്ക് മാറ്റാന്‍ നീക്കം; വന്‍ പ്രതിഷേധം
നികുതി പണം കൊണ്ട് അഭയാര്‍ത്ഥികള്‍ക്ക് താമസവും ആനുകൂല്യവും നല്‍കുന്നതിന്റെ പേരില്‍ പഴികേള്‍ക്കുന്ന സര്‍ക്കാര്‍ ചെലവ് കുറയ്ക്കാന്‍ ഹോട്ടലില്‍ നിന്ന് ഇവരെ മാറ്റാനുള്ള പദ്ധതിയിട്ട് തിരിച്ചടി നേരിടുകയാണ്.
ഹോട്ടലില്‍ നിന്ന് 600 പുരുഷ അഭയാര്‍ത്ഥികള്‍ക്ക് പഴയ സൈനിക ക്യാമ്പില്‍ താമസ സൗകര്യമൊരുക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയർത്തി സമീപവാസികള്‍ രംഗത്തുവന്നിരിക്കുകയാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പുറത്തു പോകണമെന്ന മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ പ്രതിഷേധിച്ചത്.
കിഴക്കന്‍ സസ്സെക്‌സിലെ ക്രോബറോ സൈനിക പരിശീലന ക്യാമ്പിലാണ് ഹോട്ടലില്‍ നിന്ന് മാറുന്നവരെ താമസിപ്പിക്കാന്‍ ലേബര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തങ്ങള്‍ക്ക് സുരക്ഷാ ഭീഷണി ഉയരുന്നതിനാല്‍ ഇപ്പോ തന്നെ വീടുകളില്‍ പാനിക് അലാമുകള്‍ സ്ഥാപിച്ചു കഴിഞ്ഞു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍പോലും യുകെ വാസികളായ തങ്ങള്‍ക്കില്ലെന്നു പ്രതിഷേധക്കാര്‍ പറയുന്നു.
രണ്ടായിരം പേരോളം പങ്കെടുത്ത മാര്‍ച്ചിന് ശേഷം ഒരു പൊതുയോഗവും നടന്നു. മുദ്രാവാക്യം മുഴക്കിയ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളെ സമ്മേളനം നടന്ന കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും പുറത്താക്കി. അഭയാര്‍ത്ഥികളെ തങ്ങളുടെ അയല്‍വക്കത്ത് താമസിപ്പിക്കാനുള്ള പദ്ധതി വേണ്ടെന്നും തങ്ങളുടെ സുരക്ഷ പരിഗണിക്കണമെന്നുമാവശ്യപ്പെട്ട് കുടുംബമായിട്ടാണ് പലരും പ്രതിഷേധത്തിനിറങ്ങിയത്.