പ്രോസ്‌ട്രേറ്റ് കാന്‍സര്‍ ഉള്ളവര്‍ക്ക് കണ്‍സള്‍ട്ടന്റുമായി ഇനി വീഡിയോ കോളില്‍ ബന്ധപ്പെടാവുന്നതാണ്. അതുപോലെ രക്ത പരിശോധനകള്‍, ഡി ഐ വൈ കിറ്റുകള്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ നടത്താനും കഴിയും. ട്യൂമറുകള്‍ നേരത്തേ കണ്ടെത്തുകയും, ചികിത്സയൊരുക്കുകയും ചെയ്യുന്നതിനുള്ള എന്‍ എച്ച് എസ്സ് പദ്ധതിക്ക് കീഴിലാണ് ഈ പുതിയ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ജോലിയില്‍ നിന്ന് ഇടവേളയെടുത്ത് കണ്‍സള്‍ട്ടന്റിനെ കാണുന്നതും, രക്തപരിശോധനകള്‍ക്കായി ലബോറട്ടറികളില്‍ കയറിയിറങ്ങുന്നതും ഇതുവഴി ഒഴിവാക്കാന്‍ കഴിയുമെന്ന അധികൃതര്‍ അവകാശപ്പെടുന്നു.
ഈ സൗകര്യം ഒരുക്കിയാല്‍ ഡോക്ടര്‍മാര്‍ക്ക് പ്രോസട്രേറ്റ് കാന്‍സര്‍ വളരെ നെരത്തെ തന്നെ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ആദ്യ സ്റ്റേജുകളില്‍ കണ്ടെത്താനായാല്‍ ചികിത്സ താരതമ്യേന ചെലവു കുറഞ്ഞതും എളുപ്പവും ആയിരിക്കും എന്ന് മാത്രമല്ല രോഗ വിമുക്തിക്കുള്ള സാധ്യത വളരെ കൂടുതലുമായിരിക്കും. പുതിയ നടപടി ഏറെ പ്രോത്സാഹനജനകമാണെന്നാണ് കാന്‍സറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചാരിറ്റികള്‍ അഭിപ്രായപ്പെടുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് കാര്യക്ഷമമായ പ്രതിരോധം തീര്‍ക്കാന്‍ ഇത് സഹായകമാകുമെന്നും അവര്‍ പറയുന്നു.