മഞ്ജു വാര്യര്‍, ശ്യാമപ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ ഹ്രസ്വചിത്രമാണ് 'ആരോ'. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഹ്രസ്വചിത്രമെത്തിയത്. ചിത്രത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ പരിഹാസവും വിമര്‍ശനവുമാണ് ഉയരുന്നത്.
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളിലും ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്.
ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികള്‍ ഭൂമി മലയാളത്തില്‍ ഉണ്ടെന്നറിഞ്ഞത് 'ആരോ' എന്ന ചിത്രം യൂട്യൂബില്‍ എത്തിയ ശേഷമാണെന്ന് അദ്ദേഹം പറയുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പ്:
'ആരോ', ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇത്രയധികം വ്യാജ ബുജികള്‍ ഭൂമി മലയാളത്തില്‍ ഉണ്ടെന്നറിഞ്ഞത് രഞ്ജിത്തിന്റെ 'ആരോ' എന്ന ഷോര്‍ട് ഫിക്‌ഷന്റെ യൂട്യൂബ് റിലീസിങ് കഴിഞ്ഞപ്പോഴാണ്. ചിലര്‍ക്ക് അസഹിഷ്ണുത, ചിലര്‍ക്ക് വ്യക്തി വിരോധം, ചിലര്‍ക്ക് വെറും പരിഹാസം.
തര്‍ക്കോവ്സ്കി തലക്ക് പിടിച്ചവര്‍ക്കും കിസ്ലോവ്സ്കിയെ കീശയിലാക്കി കൊണ്ടുനടക്കുന്നവര്‍ക്കും ഗൊദാര്‍ദില്‍ പിഎച്ച്ഡി എടുത്തവര്‍ക്കും ഉള്ളതല്ല 'ആരോ' എന്ന് ആരെങ്കിലും ഇവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കും.
ചില തോന്നലുകള്‍, ഭ്രമങ്ങള്‍ അല്ലെങ്കില്‍ വിഭ്രമങ്ങള്‍ ഇതൊക്കെ എല്ലാ മനുഷ്യരിലും കൂടിയും കുറഞ്ഞുമിരിക്കും-ആ അര്‍ഥത്തില്‍ രണ്ടാമതും മൂന്നാമതും കാണുവാന്‍ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് നല്ല കലാസൃഷ്ടികളുടെ പ്രത്യേകതയാണ്-അതുകൊണ്ടാണ് അത്ര വ്യാജന്‍ അല്ലാത്ത ഞാന്‍ ഈ കാവ്യത്തെ ഇഷ്ടപ്പെടുന്നത്. അത് എത്ര ജനപ്രിയമായി എന്ന് അതില്‍ തന്നെ അറിയാനും കഴിയും.