യുകെയിലേക്ക് കുടിയേറിയവരുടെ എണ്ണത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) പുറത്തുവിട്ട പുതിയ കണക്കുകള്‍. നെറ്റ് മൈഗ്രേഷന്‍ 20% കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്.
കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് എത്തിയവരും രാജ്യം വിട്ടുപോയവരും തമ്മിലുള്ള വ്യത്യാസം 86,000 കുറഞ്ഞ് 3,45,000 ആയി. നേരത്തെ ഇത് 4,31,000 ആയിരുന്നു. ബ്രിട്ടീഷ് പൗരന്മാര്‍ രാജ്യം വിട്ടുപോയതിന്റെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ് ഈ മാറ്റത്തിന് പ്രധാന കാരണം. പുതിയ രീതി അനുസരിച്ച് 2,57,000 ബ്രിട്ടീഷ് പൗരന്മാര്‍ രാജ്യം വിട്ടുപോയപ്പോള്‍ 1,43,000 പേര്‍ തിരികെയെത്തി. അതായത്, ബ്രിട്ടീഷ് പൗരന്മാരുടെ നെറ്റ് മൈഗ്രേഷന്‍ 1,14,000 കുറവാണ്.
കുടിയേറ്റ കണക്കുകള്‍ നിര്‍ണ്ണയിക്കുന്ന രീതി ഒഎന്‍എസ് പരിഷ്കരിച്ചതാണ് ഈ കണക്കിലെ മാറ്റത്തിന് പിന്നില്‍. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ ചോദ്യം ചെയ്യുന്ന പഴയ സമ്പ്രദായം നിര്‍ത്തലാക്കി . പകരം, ആളുകള്‍ നികുതി, ആനുകൂല്യ രേഖകളില്‍ എത്രത്തോളം സജീവമാണ് എന്ന് പരിശോധിച്ചാണ് പുതിയ കണക്കുകള്‍ തയാറാക്കിയത്. പഴയ രീതിയില്‍ ബ്രിട്ടീഷ് പൗരന്മാരുടെ കുടിയേറ്റം കൃത്യമായി അളക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ ഡോ. മഡലിന്‍ സമ്പ്ഷന്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പുതിയ കണക്കുകളും പൂര്‍ണ്ണമല്ലെന്നും, ഒരാള്‍ രാജ്യത്ത് താമസിക്കുകയും എന്നാല്‍ സമ്പാദ്യം ഉപയോഗിച്ച് ജീവിക്കുന്നത് കാരണം നികുതി രേഖകളില്‍ നിന്ന് അപ്രത്യക്ഷനാകുകയും ചെയ്താല്‍ അയാള്‍ രാജ്യം വിട്ടുപോയതായി കണക്കാക്കാന്‍ സാധ്യതയുണ്ടെന്ന അപാകത ഇതിനോടകം പലരും ചൂണ്ടിക്കാണിച്ചിരുന്നു.
പുതിയ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ, അഭയാര്‍ത്ഥി സംവിധാനം ഉടച്ചുവാര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കും വേഗം കൂടി. ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് ഈ ആഴ്ച പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച പുതിയ നിര്‍ദ്ദേശങ്ങളില്‍, അഭയാര്‍ത്ഥി പദവി ഇടയ്ക്കിടെ അവലോകനം ചെയ്യാനും ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യുന്നതിനുള്ള അവകാശങ്ങള്‍ പരിമിതപ്പെടുത്താനും ലക്ഷ്യമിടുന്നു. 2021 മുതല്‍ 2024 വരെയുള്ള യുകെയുടെ മൊത്തം കുടിയേറ്റം 2.6 ദശലക്ഷത്തില്‍ നിന്ന് 2.5 ദശലക്ഷമായി കുറഞ്ഞുവെന്നും ഒഎന്‍എസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ചിത്രം കടപ്പാട്