എന്‍എച്ച്എസ് റിക്കവറി പ്ലാനിന്റെ ഭാഗമായി വെയ്റ്റിംഗ് സമയം കുറയ്ക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെടുന്നതായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുന്നറിയിപ്പ്. ബില്ല്യണ്‍ കണക്കിന് പൗണ്ട് നിക്ഷേപം നടത്തുമ്പോഴും പ്രയോജനം ഉണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലേബറിന്റെ പ്രധാനപ്പെട്ട വാഗ്ദാനം പാലിക്കുന്നത് സംബന്ധിച്ച് ഗുരുതരമായ സംശയങ്ങളാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഉയര്‍ത്തുന്നത്. എന്‍എച്ച്എസിനെ 'ശരിയാക്കുമെന്ന്' വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയ ലേബര്‍ 2029 ആകുന്നതോടെ എല്ലാ രോഗികള്‍ക്കും 18 ആഴ്ചക്കുള്ളില്‍ ആശുപത്രി പരിചരണം ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.
ടെസ്റ്റുകളും, ചികിത്സകളും വേഗത്തില്‍ ലഭ്യമാക്കുന്നതില്‍ മെച്ചപ്പെടല്‍ ഉണ്ടാകുന്നില്ലെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികളില്‍ പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട പിഎസി റിപ്പോര്‍ട്ട് പറയുന്നത്. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നത് സ്തംഭനാവസ്ഥയിലാണ്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെയും, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിനെയും റിപ്പോര്‍ട്ട് നിശിതമായി വിമര്‍ശിക്കുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ചെലവേറിയ, പദ്ധതിയില്ലാത്ത, പുനഃസംഘടനയ്ക്ക് ഉത്തരവിട്ടതിനാണ് ഈ വിമര്‍ശനം.
വന്‍തോതിലാണ് രോഗികള്‍ക്ക് അടിയന്തരമല്ലാത്ത ചികിത്സകള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത്. ചിലപ്പോള്‍ ഒരു വര്‍ഷം വരെ ഈ കാത്തിരിപ്പ് നീളുന്നുണ്ട്. എക്‌സ്-റേയ്ക്കും, സ്‌കാനിംഗിനും ആറാഴ്ചയില്‍ അധികം വേണ്ടിവരുന്നുണ്ടെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. പിഎസി റിപ്പോര്‍ട്ട് മന്ത്രിമാരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.