പയ്യോളിയില്‍ ഡിജിറ്റല്‍ തട്ടിപ്പിലൂടെ പ്രവാസിക്ക് 1.5 കോടി രൂപ നഷ്ടമായി. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പരാതിക്കാരനില്‍ നിന്നും സംഘം പണം തട്ടിയത്. പ്രവാസിയുടെ പരാതിയില്‍ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി.
പരാതിക്കാരനായ പ്രവാസിക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി തെറ്റിദ്ധരിപ്പിച്ചാണ് 1.5 കോടി രൂപ തട്ടിയത്. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ക്കായി പരാതിക്കാരന്റെ അക്കൌണ്ടാണ് ഉപയോഗിക്കുന്നതെന്നും ഈ അക്കൌണ്ടിലുള്ള തുക ഉടന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്നുമായിരുന്നു നിര്‍ദേശം. തട്ടിപ്പുകാരുടെ ഭീഷണിയില്‍ ഭയന്ന പ്രവാസി ഉടന്‍ എസ്ബിഐ ബാങ്കിലുള്ള 1.5 കോടി രൂപ ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്ക് മാറ്റി.
തുക മാറ്റിയതിന് ശേഷവും ദിവസങ്ങളോളം സംഘം പരാതിക്കാരനുമായി ബന്ധപ്പെട്ടു. പിന്നീടാണ് തട്ടിപ്പിനിരയായ കാര്യം പ്രവാസി അറിയുന്നത്. റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിന് പിന്നാലെ സൈബര്‍ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.