ലേബര്‍ സര്‍ക്കാരിന്റെ വരാനിരിക്കുന്ന ബജറ്റ് സംബന്ധിച്ച ആശ്വാസ വാര്‍ത്തകള്‍ ഒന്നും തന്നെയില്ല. എന്നാല്‍ ആശങ്കകള്‍ ധാരാളം ഉണ്ടുതാനും. ഇപ്പോള്‍ കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ 10 ശതമാനം ഉയര്‍ത്താനുള്ള നീക്കങ്ങള്‍ സജീവമാണെന്ന് ദി ഐ പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഹിതപരിശോധന കൂടാതെ കൗണ്‍സില്‍ ടാക്‌സ് കൂട്ടാനുള്ള പണിയാണ് ഇപ്പോള്‍ ഒപ്പിയ്ക്കുന്നത്. ലണ്ടനിലെ അധികൃതര്‍ക്ക് കൗണ്‍സില്‍ ടാക്‌സ് നിരക്കുകള്‍ 5 ശതമാനത്തിന് മുകളിലേക്ക് കൂട്ടാന്‍ ജനങ്ങളുടെ അനുവാദം തേടേണ്ടതില്ലാത്ത സ്ഥിതിയാണ് വരുന്നത്.
പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങള്‍ നികത്താന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. 'ഫെയര്‍ ഫണ്ടിംഗ് മോഡല്‍' എന്ന പേരിലാണ് ചാന്‍സലര്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുക. മധ്യ ലണ്ടനില്‍ താമസിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുകയെന്നാണ് കരുതുന്നത്.
അടുത്ത മൂന്ന് വര്‍ഷത്തിലായി നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ ആദ്യ ഘട്ടമാണ് ഇത്. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിലെ ആറ് കൗണ്‍സിലുകള്‍ക്ക് 10 ശതമാനം വരെ കൗണ്‍സില്‍ ടാക്‌സ് ഉയര്‍ത്താന്‍ ലേബര്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. 4.99 ശതമാനത്തിന് മുകളില്‍ നികുതി വര്‍ദ്ധനയ്ക്ക് ഹിതപരിശോധന വേണമെന്നാണ് നിബന്ധന. ഇത് ഒഴിവാക്കി നല്‍കിക്കൊണ്ട് കൗണ്‍സിലുകളെ തോന്നുംപടി നികുതി കൂട്ടാന്‍ അനുവദിക്കുന്നതിനെതിരെയാണ് പ്രതിഷേധം.