ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ കുടുക്കിയത് മുന്‍ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസുവിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അപേക്ഷയില്‍ അമിത താത്പര്യമെടുത്തത് പത്മകുമാര്‍ ആണെന്നും നടപടി വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയെന്നുമാണ് വാസുവിന്റെ മൊഴി. പോറ്റിയും എ പത്മകുമാറും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും വാസു നല്‍കി.
താന്‍ അപേക്ഷ കൈമാറുക മാത്രമാണ് ചെയ്തതെന്നും വാസു അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് പാളികള്‍ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഉണ്ണികൃഷ്ണന്‍പോറ്റി അപേക്ഷ നല്‍കി. ആ അപേക്ഷ ദേവസ്വം കമ്മീഷണറായ തന്നിലേക്ക് എത്തിപ്പെട്ടു. ഇത് ദേവസ്വം ബോര്‍ഡിലേക്ക് ഫോര്‍വേഡ് ചെയ്യുകമാത്രമാണ് താന്‍ ചെയ്തത് എന്നാണ് വാസു നല്‍കിയ മൊഴി. ഈ അപേക്ഷയില്‍ അന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാര്‍ പ്രത്യേക താല്പര്യം കാണിച്ചു. നടപടി വേഗത്തിലാക്കാന്‍ താനടക്കമുള്ള ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് പത്മകുമാര്‍ നിര്‍ദേശം നല്‍കിയെന്നും വാസു പറയുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. സിപിഎം ജില്ലാ കമ്മറ്റി അംഗമായിരുന്ന പത്മകുമാറിന്റെ അറസ്റ്റ് പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.