അഭയാര്‍ത്ഥികളെ സൈനിക ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ തീരുമാനം; പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങി
ചെലവ് കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ നിന്ന് സൈനിക ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇതിനെതിരെ നൂറുകണക്കിന് പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.
അടുത്ത മാസം അവസാനത്തോടെ കിഴക്കന്‍ സസെക്‌സിലെ ക്രോബറോവിലെ സൈനിക കേന്ദ്രത്തിലേക്ക് 600 അഭയാര്‍ത്ഥികളെ മാറ്റാനാണ് ഹോം ഓഫീസിന്റെ തീരുമാനം. പ്രദേശവാസികളുടെ അഭിപ്രായം തേടിയിട്ടില്ലെന്നാണ് വിമര്‍ശനം.
അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ക്യാമ്പില്‍ നിന്നുള്ള സൈനികരെ മാറ്റാനൊരുങ്ങുകയാണ്. ഇതിനിടെ ഇംഗ്ലീഷ് പതാകകളും പ്ലക്കാര്‍ഡുമായി പ്രദേശവാസികള്‍ തെരുവിലിറങ്ങി. നൂറിലേറെ പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
ചെറു ബോട്ടുകളില്‍ അനധികൃതമായി യുകെയിലേക്ക് കടന്നുകയറിയവരെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ രണ്ടു സ്ഥലങ്ങളില്‍ ഒന്നാണ് ക്രോബറോ.
അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്ന അനധികൃതമായി കുടിയേറിയ പലരും ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരെന്ന റിപ്പോര്‍ട്ടുകള്‍ വരെ പുറത്തുവന്നിരുന്നു. തങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും ഇത്തരക്കാര്‍ ഭീഷണിയാണെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.