ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര(89) അന്തരിച്ചു. നവതി ആഘോഷത്തിന് കാത്തുനില്‍ക്കാതെയാണ് താരത്തിന്റെ മടക്കം. ഡിസംബര്‍ 8ന് ആണ് താരത്തിന്റെ ജന്മദിനം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ധര്‍മേന്ദ്ര അടുത്തിടെ ആശുപത്രിയില്‍ ആയിരുന്നു. എന്നാല്‍ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതോടെ താരം ഡിസ്ചാര്‍ജ് ആയിരുന്നു.
ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ നടന്റെ മരണവാര്‍ത്ത പ്രചരിച്ചെങ്കിലും നടന്റെ കുടുംബം ഇത് തള്ളിയിരുന്നു. ആദ്യ ഭാര്യ പ്രകാശ് കൗറിനൊപ്പം മുംബൈയിലെ ഖണ്ടാല ഫാം ഹൗസില്‍ ആയിരുന്നു ധര്‍മേന്ദ്ര അവസാന നാളുകളില്‍ താമസിച്ചിരുന്നത്.
നടിയും എംപിയുമായ ഹേമാ മാലിനി ആണ് നടന്റെ രണ്ടാം ഭാര്യ. അതേസമയം, അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന 'ഇക്കിസ്' ആണ് നടന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 1960-ല്‍ 'ദില്‍ ഭി തേരാ ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
'ഷോലെ', 'ധരം വീര്‍', 'ചുപ്കെ ചുപ്കെ', 'മേരാ ഗാവ് മേരാ ദേശ്', 'ഡ്രീം ഗേള്‍' തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി എത്തിയ ധര്‍മേന്ദ്ര ഏറെ പ്രശസ്തനായി. ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച 'തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ' എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത്.