രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക വിവാദ വാട്സ്ആപ്പ് ചാറ്റുമായി ചാനല്‍; നിയമപരമായി നേരിടുമെന്ന് രാഹുല്‍
തനിക്കെതിരായ ലൈംഗിക ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. രാജ്യത്തെ നിയമത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരേ ശബ്ദസന്ദേശം തിരിച്ചുംമറിച്ചും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. തന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോള്‍ അത് സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
പുറത്ത് വന്ന ഓഡിയോയില്‍ പുതുതായി ഒന്നുമില്ലെന്നും ഇതൊക്കെ മുന്‍പും ചര്‍ച്ച ചെയ്തതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എല്ലാം പഴയത് തന്നെ. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. എപ്പോള്‍ എന്നത് എന്റെ സൗകര്യമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ഈ സമയത്ത് ഓഡിയോ പുറത്തുവിട്ടതിന് പിന്നില്‍ മറ്റുപല ഉദ്ദേശങ്ങളാണുള്ളതെന്നും രാഹുല്‍ പറഞ്ഞു. തന്റെ നിരപരാധിത്വം മാധ്യമകോടതിയുടെ മുന്നിലല്ല തെളിയിക്കേണ്ടതെന്നും അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
എന്റേതെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം പുറത്തുവിടുമ്പോള്‍ അത് നിങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ടായിരുന്നു. അത് ചെയ്യാതെ ഈ സന്ദേശം കൊടുത്തിട്ട് എന്നോടെന്തിനാ ചോദിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്ന് ആദ്യം മുതലേ ഞാന്‍ പറയുന്നുണ്ട്. ജനങ്ങള്‍ക്കുള്ള വിശദീകരണം അന്വേഷണത്തിന് ശേഷം പറയും. നിയമപരമായ പോരാട്ടങ്ങള്‍ നടത്തും.- എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് യുവതിയെ നിര്‍ബന്ധിക്കുന്നതെന്നും അസഭ്യം പറയുന്നതെന്നും പറഞ്ഞുള്ള ഫോണ്‍ സംഭാഷണമാണ് ചാനല്‍ പുറത്തുവന്നത്. ലെെംഗികാരോപണത്തില്‍ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.