യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ നിലവില്‍ വന്നു
ബ്രിട്ടനിലെ ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ മാറ്റങ്ങള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു. പുതുതായി വന്ന മാറ്റങ്ങള്‍ അനുസരിച്ച് മത്സരാര്‍ത്ഥികള്‍ കൂടിയ വേഗത പരിധിയുള്ള റോഡുകളില്‍ ദീര്‍ഘനേരം ടെസ്റ്റ് നടത്തേണ്ടതായുണ്ട്. ടെസ്റ്റിനു ശേഷം മിക്ക ഡ്രൈവര്‍മാരും അഭിമുഖീകരിക്കെണ്ടി വരുന്ന യഥാര്‍ത്ഥ സാഹചര്യത്തിലെ ഡ്രൈവിംഗ് രീതി പ്രതിഫലിക്കുന്ന രീതിയിലുള്ള പരിശോധനയാണ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡി വി എസ് എ) കൊണ്ടുവന്നിരിക്കുന്നത്.
ഈ പുതിയ രീതി ഈ വര്‍ഷം ആദ്യം ബ്രിട്ടനിലെ 20 ടെസ്റ്റ് കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. പുതിയതായി ലൈസന്‍സ് നേടുന്ന 17 നും 24 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു 2029നും 2023നും ഇടയില്‍ നടന്ന അപകടങ്ങളില്‍ മരണപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കപ്പെടുകയോ ചെയ്തവരില്‍ 48 ശതമാനവും. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റോഡുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് ഇപ്പോള്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
അതുപോലെ, ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സ്റ്റോപ്പുകളുടെ എണ്ണം നാലില്‍ നിന്നും മൂന്നായി കുറച്ചിട്ടുണ്ട്. അതുപോലെ എമര്‍ജന്‍സി സ്റ്റോപ്പുകളുടെ ആവൃത്തി മൂന്ന് ടെസ്റ്റുകളില്‍ ഒന്ന് എന്നതില്‍ നിന്നും ഏഴില്‍ ഒന്നായി കുറച്ചിട്ടുണ്ട്. അതുപോലെ ഇന്‍ഡിപെന്‍ഡന്റ് ഡ്രൈവിംഗിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ എക്‌സാമിനര്‍മാര്‍ക്ക് അധികാരവും നല്‍കുന്നുണ്ട്.