അയര്‍ലന്‍ഡില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 2 മരണം, മലയാളികള്‍ക്ക് ഗുരുതര പരുക്ക്
അയര്‍ലന്‍ഡിലെ കോ മീത്തില്‍ ലോറി, ബസ്, കാര്‍ എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും മലയാളികളടക്കം ഒട്ടറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെ 6.30ന് ഗോര്‍മന്‍സ്ടൗണിലെ ആര്‍132 റോഡിലായിരുന്നു അപകടം. ലോറിയുടെയും ബസിന്റെയും ഡ്രൈവര്‍മാരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാര്‍ ഡ്രൈവറായ സ്ത്രീ ബ്യൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന ഒരു കൗമാരക്കാരിയും ഗുരുതര പരുക്കുകളോടെ ടെംപിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ മലയാളികളാണെന്നാണ് വിവരം. അപകടത്തില്‍ മറ്റ് 10 പേരെക്കൂടി പരുക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഇവരുടെ പരുക്കുകള്‍ ഗുരുതരമല്ല.
അപകടം നടന്ന റോഡ് അടച്ചിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. അപകടം നടന്ന റോഡിലൂടെ സഞ്ചരിച്ച വാഹനങ്ങളുടെ ഡാഷ് ക്യാമറയില്‍ സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ഗാര്‍ഡയെ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
Ashbourne Garda Station – (01) 801 0600 Garda Confidential Line – 1800 666 111