ലോകമെമ്പാടും കോടിക്കണക്കിന് ആളുകള്‍ ആസ്മ മൂലം ബുദ്ധിമുട്ടുന്നുണ്ട്. തീവ്ര ആസ്മയുള്ളവര്‍ക്ക് പലപ്പോഴും ദിവസേന സ്റ്റിറോയിഡ് ഗുളികകള്‍ കഴിക്കേണ്ടി വരും. എന്നാല്‍ ദീര്‍ഘകാലം ഈ ഗുളികകള്‍ ഉപയോഗിക്കുന്നത് അസ്ഥിക്ക് ബലക്ഷയം, പ്രമേഹം, അണുബാധകള്‍ തുടങ്ങി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയായേക്കാം.
അങ്ങനെയിരിക്കെയാണ് ആസ്മ രോഗികള്‍ക്ക് ആശ്വാസമായി സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം വന്നിരിക്കുന്നത്.
യുകെയില്‍ തന്നെ ആസ്മ വലിയൊരു ആരോഗ്യപ്രശ്നമായി തുടരുന്നതിനാല്‍, നല്ലൊരു പരിഹാരത്തിനായി രോഗികളും ഡോക്ടര്‍മാരും വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു.
കിംഗ്‌സ് കോളേജ് ലണ്ടന്‍ നയിച്ച അന്തര്‍ദേശീയ പഠന റിപ്പോര്‍ട്ടില്‍ ഉള്ളത് യുകെ, യു.എസ്., ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 300 തീവ്ര ആസ്മ രോഗികള്‍ ഈ പഠനത്തില്‍ പങ്കെടുത്തു. ഇവര്‍ മാസംതോറും ടെസെപെല്യൂമാബ് എന്ന ഇഞ്ചക്ഷന്‍ സ്വീകരിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പകുതിയിലധികം പേര്‍ സ്റ്റിറോയിഡ് ഗുളികകള്‍ പൂര്‍ണ്ണമായി നിര്‍ത്തുകയോ വളരെ കുറയ്ക്കുകയോ ചെയ്തു. യുകെയിലെ ആസ്മ രോഗികള്‍ക്കും ഇതിന്റെ ഗുണം വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ആറുമാസത്തിനുള്ളില്‍ തന്നെ മൂന്നിലൊന്ന് പേര്‍ സ്റ്റിറോയിഡ് ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തിയത് ഗവേഷകര്‍ വലിയ മുന്നേറ്റമായി വിലയിരുത്തുന്നു. ശ്വാസം മുട്ടലുകള്‍ വല്ലാതെ കുറയും, ശ്വാസകോശ പ്രവര്‍ത്തനം മെച്ചപ്പെടും, ജീവിത നിലവാരം ഉയരും എന്നെല്ലാമാണ് പുതിയ ചികിത്സാരീതിയുടെ ഗുണഫലമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പഠനഫലങ്ങള്‍ യുകെയില്‍ നടന്ന ബ്രിട്ടീഷ് തോറാസിക് സൊസൈറ്റി സമ്മേളനത്തില്‍ അവതരിപ്പിച്ചതോടെ, ഈ ഇഞ്ചക്ഷന്‍ രാജ്യത്തെ തീവ്ര ആസ്മ രോഗികള്‍ക്ക് വലിയൊരു മാറ്റമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.