യുകെയിലെ ബിസിനസ് രംഗത്തെ മികച്ച സംഭാവനകള്‍ക്ക് മലയാളി യുവ വ്യവസായി ടിജോ ജോസഫിന് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ആദരം ലഭിച്ചു. ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ യുകെ ബിസിനസ് മന്ത്രിയും നിലവിലെ മിനിസ്റ്റര്‍ ഓഫ് സ്‌റ്റേറ്റ് ഫോര്‍ പൊലീസ് ആന്‍ഡ് ക്രൈംസ് സാറാ ജോണ്‍സ് അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചു.
ഒരു പതിറ്റാണ്ടായി യുകെയിലെ ബിസിനസ് രംഗത്ത് സജീവമായ ടിജോയ്ക്ക് ഔട്ട് സ്റ്റാന്‍ഡിങ് അച്ചീവര്‍ ഇന്‍ മള്‍ട്ടിപ്പിള്‍ ഇന്‍ഡസ്ട്രീസ് പുരസ്കാരമാണ് ലഭിച്ചത്. ഫിനാന്‍സ്, മോര്‍ഗേജ്, ഹെല്‍ത്ത് കെയര്‍, ടെക്നോളജി, പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ്, ബ്യൂട്ടി വെല്‍നസ് എന്നിവയടക്കമുള്ള മേഖലകളിലെ സംരഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു.
ടിജോയുടെ നേതൃത്വത്തിലുള്ള ബഹുമുഖ ബിസിനസ് ശൃംഖല രാജ്യത്തുടനീളം തൊഴിലവസരങ്ങള്‍, സാമൂഹിക സ്വാധീനം എന്നിവ സൃഷ്ടിച്ചതായി പുരസ്കാരം നല്‍കിയ മഞ്ജു ഷാഹുല്‍ ഹമീദ് മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടിഷ് എംപിമാരായ ബറോണെസ് മന്‍സില ഉദ്ദിന്‍, നടാഷാ അയേണ്‍സ്, ക്രോയ്ഡന്‍ മേയര്‍ റിച്ചാര്‍ഡ് ചാറ്റര്‍ജി, കൗണ്‍സിലര്‍ ഡോ. മഞ്ജു ഷാഹുല്‍ ഹമീദ് , ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഷാഹിദ് ആലം, ബിബിസി വെല്‍ബീയിങ് മാനേജര്‍ മാര്‍വിന്‍ ഫ്രാന്‍സിസ് എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.
വെയില്‍സിലെ ന്യൂപോര്‍ട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിജോയ്ക്ക് യുകെയിലുടനീളം സ്ഥാപനങ്ങളുണ്ട്. കോട്ടയം അയര്‍കുന്നം സ്വദേശിയാണ്. ബിസിനസ്, നേതൃപാടവം, സാമൂഹിക പ്രതിബദ്ധത എന്നീ രംഗങ്ങളിലെ മികവിന് ദേശീയ - അന്തര്‍ ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.