യുകെയിലെ പുതിയ നെറ്റ് മൈഗ്രേഷന്‍ വലിയ തോതില്‍ ഇടിഞ്ഞതായുള്ള പുതിയ കണക്കുകള്‍ പുറത്തുവന്നു. ഒ എന്‍ എസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഒരു വര്‍ഷത്തില്‍ 69% കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂലൈ–2025 ജൂണ്‍ കാലയളവില്‍ നെറ്റ് മൈഗ്രേഷന്‍ 204,000 ആയി ചുരുങ്ങി. മുന്‍വര്‍ഷത്തെ 649,000ല്‍ നിന്ന് 69 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്ക് എന്നത് ശ്രദ്ധേയമാണ്.
അതേസമയം രാജ്യത്തു നിന്ന് പോകുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായി. മൊത്തം 9 ലക്ഷത്തോളം പേര്‍ യുകെയിലെത്തിയെങ്കിലും ഇത് മുന്‍വര്‍ഷത്തേക്കാള്‍ 4 ലക്ഷത്തോളം കുറവാണ്. അതേസമയം 6.93 ലക്ഷം പേര്‍ രാജ്യം വിട്ടു. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ എത്തിയവരുടെ എണ്ണം 51,000 ആണ്. ഇതില്‍ തന്നെ ചെറിയ ബോട്ടുകളിലെത്തിയവര്‍ 46,000 പേരായിരുന്നു. അഫ്ഗാന്‍, ഇറാന്‍, സുഡാന്‍, സോമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് പ്രധാനമായും അനധികൃതമായി കുടിയേറുന്നവരില്‍ കൂടുതലുള്ളത് .
തൊഴില്‍-വിദ്യാര്‍ത്ഥി വിസ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരിന്റെ നടപടികളാണ് കുടിയേറ്റ കുറവിന് കാരണമെന്ന വിലയിരുത്തലുകള്‍ ആണ് പൊതുവേയുള്ളത് . നെറ്റ് മൈഗ്രേഷന്‍ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. കുടിയേറ്റം കുറയ്ക്കാനായി കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കും എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.