ലേബര്‍ ഗവണ്‍മെന്റിന്റെ നികുതി കൊള്ള ബ്രിട്ടീഷ് യുവാക്കളെ വിദേശങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നു. യുവാക്കള്‍ക്ക് ജോലി നല്‍കിയാല്‍ എംപ്ലോയേഴ്‌സിനും ഭാരം ആണെന്നതിനാല്‍ യുവാക്കള്‍ക്ക് അവിടെയും തിരിച്ചടി നേരിടുകയാണ്. യുകെയില്‍ നിന്നും യുവാക്കള്‍ ഓസ്‌ട്രേലിയയിലേക്കും, ദുബായിലേക്കുമാണ് ജോലിക്കായി ഇപ്പോള്‍ പലായനം ചെയ്യുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു മില്ല്യണിലേറെ യുവാക്കള്‍ നാടുവിട്ടു. ലേബറിന്റെ നികുതി വര്‍ധനവുകളില്‍ നിന്നും രക്ഷപ്പെടാന്‍ കൂടുതല്‍ പേര്‍ ഈ വഴിതെരഞ്ഞെടുക്കുകയാണ്.
2025 ജൂണ്‍ വരെ 252,000 ബ്രിട്ടീഷുകാരാണ് യുകെ ഉപേക്ഷിച്ചതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2024, 2023, 2022 വര്‍ഷങ്ങളിലും സമാനമായ തോതില്‍ ആളുകള്‍ രാജ്യം വിട്ടു. എന്നാല്‍ മെച്ചപ്പെട്ട ശമ്പളവും, കുറഞ്ഞ ടാക്‌സും, വിലകുറഞ്ഞ ഹൗസിംഗും നോക്കിയാണ് ഇപ്പോള്‍ യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലേബര്‍ ഗവണ്‍മെന്റിന്റെ നികുതി വര്‍ധനവുകള്‍ യുവാക്കള്‍ക്ക് കൂടുതല്‍ തിരിച്ചടി ഉറപ്പാക്കുകയും ചെയ്യും. ഇവര്‍ക്ക് ജോലി നല്‍കുന്നത് സ്ഥാപനങ്ങള്‍ക്ക് 4000 പൗണ്ടിലേറെ ചെലവ് വരുത്തുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 18-20 വയസുകാരുടെ മിനിമം വേജ് കുത്തനെ ഉയര്‍ത്തിയതാണ് ഇതില്‍ പ്രധാനമാകുന്നത്. അടുത്ത ഏപ്രില്‍ മുതല്‍ 15,652 പൗണ്ടില്‍ നിന്നും 19,747 പൗണ്ടിലേക്കാണ് ഇവരുടെ ഫുള്‍ടൈം ശമ്പളം ഉയരുക. ഈ നയങ്ങള്‍ മൂലം ബിസിനസുകള്‍ ചെറുപ്പക്കാരെ ജോലിക്ക് എടുക്കുന്നത് കുറയ്ക്കുകയാണ് ചെയ്യുകയെന്നും വ്യക്തമായിട്ടുണ്ട്.