ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് രേഖകള്‍ അവതരണത്തിന് മുന്‍പ് പുറത്തുവിട്ട് വിവാദത്തില്‍ ചാടിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി മേധാവി രാജിവെച്ചു. സാമ്പത്തിക നിരീക്ഷകരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച സംഭവിച്ചതോടെയാണ് റിച്ചാര്‍ഡ് ഹ്യൂഗ്‌സ് സ്ഥാനമൊഴിഞ്ഞത്.
സുപ്രധാന ബജറ്റ് രേഖകളുടെ ചോര്‍ച്ച ഇതിന് മുന്‍പും സംഭവിച്ചിട്ടുണ്ടെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വീഴ്ചകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ഹ്യൂഗ്‌സ് വ്യക്തമാക്കി.
ചാന്‍സലറുടെ നികുതി, ചെലവഴിക്കല്‍ നയങ്ങള്‍ ഉള്‍പ്പെട്ട രേഖകള്‍ അവതരണത്തിന് 45 മിനിറ്റ് മുന്‍പാണ് ഒബിആര്‍ അബദ്ധത്തില്‍ പ്രസിദ്ധീകരിച്ചത്. ഐടി സിസ്റ്റത്തിലെ പിഴവ് മൂലം പേപ്പറുകളിലേക്ക് നേരത്തെ ആക്‌സസ് നല്‍കപ്പെട്ടതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം മാര്‍ച്ചിലെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് രേഖകളും അവതരണത്തിന് മുന്‍പ് പുറത്തുവന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഒബിആര്‍ മേധാവിയെ ബലിയാടാക്കുന്നതിന് പകരം റേച്ചല്‍ റീവ്‌സാണ് രാജിവെയ്‌ക്കേണ്ടിയിരുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 'ഒബിആറിന്റെ പരാജയങ്ങള്‍ എന്ത് തന്നെയായാലും, അവര്‍ ബ്രിട്ടനിലെ ജനങ്ങളെ മനഃപ്പൂര്‍വ്വം വഴിതെറ്റിച്ചിട്ടില്ല. ഇന്ന് രാജിവെച്ച ആളുമാറി, യഥാര്‍ത്ഥത്തില്‍ റേച്ചല്‍ റീവ്‌സാണ് രാജിവെയ്‌ക്കേണ്ടത്', റിഫോം നേതാവ് നിഗല്‍ ഫരാഗ് പറഞ്ഞു.
സ്റ്റാര്‍മറും, റീവ്‌സും തെറ്റ് ചെയ്യുമ്പോള്‍ എപ്പോഴും അത് മറ്റൊരാളുടെ കുറ്റമായി മാറുന്നത് എങ്ങനെയാണെന്ന് ടോറി നേതാവ് കെമി ബാഡെനോക് കുറ്റപ്പെടുത്തി.