യുകെ മലയാളികള്‍ക്ക് വേദനയായി ആദ്യകാലമലയാളി കുടിയേറ്റക്കാരില്‍ ഒരാളായ ഷീനി(53)ന്റെ വിയോഗം. ഗ്ലോസ്റ്റര്‍ഷെയറില്‍ നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പം ഗ്ലോസ്റ്ററിലായിരുന്നു താമസം.
2006-2007 ല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ഷീന്‍, തന്റെ സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ ജിഎംഎയെ മുന്നോട്ട് നയിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. നല്ലൊരു സംഘാടകനായിരുന്ന അദ്ദേഹം കലാ-സാംസ്‌കാരിക-കായിക മേഖലകളിലും അതീവ തത്പരനായിരുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ തന്റെ തനതായ സംസാരരീതിയിലൂടെ വലിയൊരു സൗഹൃദവലയം തന്നെ അദ്ദേഹം നേടിയെടുത്തിരുന്നു.
നല്ലൊരു മിമിക്രി കലാകാരനായിരുന്ന ഷീന്‍ ജിഎംഎ വേദികളിലും മറ്റും ചിരിയുടെ ഓളങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിരവധി സ്‌കിറ്റ് നാടകങ്ങളിലൂടെയും ഷീന്‍ വേദികളിലെത്തിയിരുന്നു.
ഷീന്‍ കാലയവനികക്ക് പിന്നില്‍ മറയുമ്പോള്‍, അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിയോഗം തീര്‍ത്ത ദുഃഖത്തിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍. ഷീനിന്റെ വിയോഗത്തില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നേതൃത്വം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.